Asianet News MalayalamAsianet News Malayalam

പിടിച്ചുകെട്ടാനാവാതെ കൊവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി രോഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 

covid 19 india 37148 cases reported in last 24 hours india number of deaths rising
Author
Delhi, First Published Jul 21, 2020, 9:50 AM IST

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. ഇത് വരെ 28084 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 

മഹാരാഷ്ട്രയിൽ എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അയ്യായിരത്തിനടുത്ത് കേസുകൾ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ ആകെ മരണം രണ്ടായിരത്തി അഞ്ഞൂറ് കടന്നു. ആന്ധ്രപ്രദേശിലും കൊവിഡ് രോഗികൾ അമ്പതിനായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിലാണ് നാൽപതിനായിരം കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിൽ അമ്പതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് ഈ മാസം സ്ഥിരീകരിച്ചത്. അതേ സമയം ദില്ലിയിൽ അമ്പത് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ ആയിരത്തിൽ താഴെയെത്തി.

കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള 12 ആശുപത്രികളിൽ തുടരും. കഴിഞ്ഞ ദിവസമാണ് പരീക്ഷണം തുടങ്ങിയത്. 375 വളണ്ടിയര്‍മാരിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണം നടത്തുന്നത്.

ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണ അനുമതി തേടിയിട്ടുണ്ട്. വാക്സിൻ വിജയമായാൽ അതിവേഗം ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 

ഇതിനിടെ സാധാരണക്കാർ എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നും വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കുമെന്നും കേന്ദ്രം പറയുന്നു. സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകി.

Follow Us:
Download App:
  • android
  • ios