ദില്ലി: കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍
മാര്‍ച്ച് 31വരെ ഇന്ത്യയിലേക്ക് വരുന്നതിനാണ് വിലക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇന്നലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ,  തുര്‍ക്കി എന്നീ രാജ്യങ്ങൾക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

കൊവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിൽ 64 വയസുകാരനാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. മുംബയിലെ കസ്തൂര്‍ബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64 കാരനാണ് ഇന്ന് മരിച്ചത്. ദുബായിൽ നിന്നെത്തിയ ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 36 ആണ് ഇപ്പോഴത്തെ കണക്ക്.  ദില്ലി അതിര്‍ത്തിയിലെ നോയിഡയിൽ രണ്ടുപേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് എത്തിയ ഇവരുടെ കുടുംബാംഗങ്ങളും ഇവരുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്. ഉത്തര്‍പ്രദേശിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15 ആയി. രോഗം ഭേദമായി രാജ്യത്ത് ഇതുവരെ 13 പേര്‍ ആശുപത്രി വിട്ടു.