11:03 PM (IST) Apr 19

മാസ്കില്ലെങ്കിൽ പമ്പുകളിൽ നിന്ന് പെട്രോൾ നൽകില്ല

പെട്രോൾ പമ്പുകളിൽ മാസ്​ക്​ ധരിക്കാതെ എത്തുന്നവർക്ക് ഇന്ധനം നൽകില്ലെന്ന്​ പെട്രോളിയം ഡീലര്‍മാരുടെ സംഘടന. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷ പരി​ഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ്​ അസോസിയേഷൻ പ്രസിഡന്റ് അജയ്​ ബൻസാൽ പറഞ്ഞു.

10:43 PM (IST) Apr 19

ഹോട്ട്സ്പോട്ടിൽ നിയന്ത്രണങ്ങൾക്ക് ഇളവില്ല : ഡിജിപി

ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ 

10:31 PM (IST) Apr 19

ദുരിതത്തിലായി വ്യോമയാന മേഖല

പ്രതിമാസം 50,000 രൂപയിൽ കൂടുതൽ ശമ്പളമുളള ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ശമ്പളമില്ലാത്ത അവധിക്ക് അയ്ക്കാൻ എയർലൈൻ കമ്പനി സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. മൂന്ന് മാസത്തേക്കാണ് ഈ ക്രമീകരണമെന്ന് കമ്പനി വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകാമെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ബജറ്റ് വിമാനക്കമ്പനി മാർച്ച് 25 മുതൽ 31 വരെ ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയച്ചിരുന്നു

10:16 PM (IST) Apr 19

കോഴിക്കോട് ജില്ലയിൽ 8428 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1584 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 14,372 ആയി. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 8 പേര്‍ ഉള്‍പ്പെടെ ആകെ 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

10:05 PM (IST) Apr 19

കോഴിക്കോട് നിയന്ത്രണങ്ങള്‍ തുടരും

റെഡ് സോണിലായതിനാല്‍ കോഴിക്കോട് ജില്ലയില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകള്‍ക്ക് ഇത് ബാധകമല്ല. ഇവിടങ്ങളില്‍ നിലവിലെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണ്‍ മേഖലകളില്‍ ഉള്ളത്. 

10:03 PM (IST) Apr 19

തെലങ്കാനയില്‍ ഇളവുകളില്ല

തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ ഇളവുകളില്ല. മെയ്‌ 7 വരെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് 10% അധിക ശമ്പളം നല്‍കും. ജൂണ്‍ വരെ വിവാഹങ്ങള്‍ക്ക് അനുമതി ഇല്ല.

09:43 PM (IST) Apr 19

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 552 പേർക്ക് രോഗം

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം 4200 ആയി. കൊവിഡ് ബാധിച്ച് ഇന്ന് 12പേരാണ് മരിച്ചത്. ഇതിൽ ആറുമരണങ്ങളും മുംബൈയിലാണ്. ഇതുവരെ 507പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

09:42 PM (IST) Apr 19

കോഴിക്കോട് നിയന്ത്രണങ്ങള്‍ തുടരും

കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല റെഡ് സോണിൽ ആയതിനാൽ നാളെ (20.04.20) മുതൽ ജില്ലക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ജില്ലാ കലക്ടർ സാംബശിവറാവു.

09:38 PM (IST) Apr 19

ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍, 2256 അറസ്റ്റ്

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നി​ർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2271 പേര്‍ക്കെതിരെ കേസെടുത്തു. 2256 പേരെ അറസ്റ്റ് ചെയ്യുകയും 1640 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

08:21 PM (IST) Apr 19

മധ്യപ്രദേശിൽ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്

മധ്യപ്രദേശില്‍ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന്‍റെ അമ്മക്കോ അച്ഛനോ കൊവിഡില്ല. ആശുപത്രിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം.കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവർത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

08:19 PM (IST) Apr 19

കര്‍ണാടകത്തിലും ലോക്ക് ഡൗണ്‍ ഇളവുകള്‍

കർണാടകത്തിൽ തീവ്രബാധിതം അല്ലാത്ത ജില്ലകളിലെ ലോക്ക് ഡൗണ്‍ ഇളവുകൾ ഏപ്രിൽ 22 മുതൽ മാത്രം. 21 അർധരാത്രി വരെ ലോക്ക് ഡൗണ്‍ തുടരും.

08:03 PM (IST) Apr 19

ധാരാവിയിൽ 20 പേർക്ക് കൂടി കൊവിഡ്

ധാരാവിയിൽ 20 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ 138 കേസുകള്‍ സ്ഥിരീകരിച്ചു. 

07:43 PM (IST) Apr 19

യുഎഇയില്‍ നിന്ന് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 22,900 പേര്‍

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ കുടുങ്ങിപ്പോയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പേര്‍ സ്വന്തം പേര്‍ മടങ്ങിയത്. ഇതില്‍ 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികള്‍ വഴിയാണ് യാത്ര ചെയ്തത്

07:42 PM (IST) Apr 19

ജാതിയും മതവും നോക്കിയല്ല കൊവിഡിന്‍റെ ആക്രമണം: പ്രധാനമന്ത്രി

ആക്രമിക്കുന്നതിന് മുമ്പ് കൊവിഡ് ജാതിയും മതവുമൊന്നും നോക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി, മതം, നിറം, ഭാഷ, അതിര്‍ത്തികള്‍ നോക്കാതെയാണ് കൊവിഡ് ബാധിച്ച് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കൊവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി കുറിച്ചു.

07:18 PM (IST) Apr 19

റാസല്‍ഖൈമയിലും തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്ക്

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി റാസല്‍ഖൈമയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ മറ്റ് എമിറേറ്റുകളില്‍ നിന്ന് കൊണ്ടുവരുന്നതിനും ഇപ്പോള്‍ റാസല്‍ഖൈമയിലുള്ളവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുമാണ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

07:17 PM (IST) Apr 19

സൗദിയിൽ അഞ്ച് മരണം കൂടി

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 97 ആയി. അഞ്ചുപേരും വിദേശികളാണ്. നാലുപേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണ് മരിച്ചത്. മരണപ്പെട്ടവർ 37നും 64നും ഇടയിൽ പ്രായമുള്ളവരാണ്.

07:16 PM (IST) Apr 19

കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരമൊരുക്കി സ്പെയിന്‍

ആറ് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ സ്പെയിനിലെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നു. കൊറോണ വൈറസിന്‍റെ വ്യാപനം മൂലം മാര്‍ച്ച് 14 മുതല്‍ സ്പെയിനില്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ ഈ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് വിശദമാക്കിയിരിക്കുന്നത്.

07:07 PM (IST) Apr 19

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി രോഗമുക്തി

മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് രോഗമുക്തി നേടിയത്. ഇതോടെ മലപ്പുറം ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി.

06:55 PM (IST) Apr 19

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 1477 ആയി

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‍നാട്ടില്‍ വര്‍ധനവ്. തമിഴ്നാട്ടിൽ 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 
കൊവിഡ് ബാധിതർ 1477 ആയി. ചെന്നൈയില്‍ മാത്രം 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

06:46 PM (IST) Apr 19

ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവ്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, തൃശ്ശൂര്‍ മേഖലകളാണ് ഓറഞ്ച് ബിയില്‍ ഉള്‍പ്പെടുന്നത്.