ദില്ലി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയിട്ട് ഇന്ന് നൂറ് ദിവസം പൂർത്തിയാവുന്നു. മാർച്ച് 25നാണ് രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയത്. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദ്ദേശം രാജ്യത്ത് തുടരുകയാണ്. 

സമ്പൂർണ്ണ ലോക്ഡൗൺ നാലു ഘട്ടങ്ങളായി നടപ്പാക്കിയ ശേഷം കൂടുതൽ ഇളവുകളോടെ അൺലോക്ക് ഘട്ടം തുടങ്ങി. കുടിയേറ്റ തൊഴിലാളികളുടെ ദുരിതകാഴ്ചകൾ രാജ്യത്തിന്‍റെ വേദനയായി. പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള വന്ദേഭാരത് പദ്ധതി തുടരുന്നു. ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജും പരിഷ്ക്കാര നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യത്ത് 550 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. നൂറു ദിവസത്തിനിപ്പുറം ഈ സംഖ്യ ആറു ലക്ഷത്തിൽ എത്തുകയാണ്. 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരിശോധനകൾ അടിയന്തരമായി വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിർദ്ദേശം നൽകിയിരിക്കുകയാണ്. പരിശോധനക്ക് കുറിപ്പടി നൽകാൻ സ്വകാര്യ ഡോക്ടർമാരെയും അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ആർടിപിസിആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം.

മഹാരാഷ്ട്രയിൽ കൊവിഡ് മരണം 8,000 കടന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 3,882 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 2,442 പേർക്ക് രോഗം കണ്ടെത്തിയതോടെ ആകെ കേസുകൾ തൊണ്ണൂറായിരത്തിന് അടുത്തെത്തി. കർണാടകത്തിൽ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1272 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 
 
ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു.

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ, ഒരു ലക്ഷത്തി എൺപത്തിയെട്ടായിരത്തിൽ ഏറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ഉയർന്ന പ്രതിദിന നിരക്കാണിത്. അമേരിക്കയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും അധികം പേർക്ക് രോഗം ബാധിച്ചത്. 

നാൽപ്പത്തിയേഴായിരത്തിൽ അധികം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 27 ലക്ഷത്തി എഴുപത്തിയയ്യായിരം പിന്നിട്ടു. ബ്രസീലിൽ നാൽപ്പത്തിയയ്യായിരത്തോളം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.  24 മണിക്കൂറിനിടെ 4718 പേർ കൂടി മരിച്ചതോടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി പതിനെട്ടായിരത്തിലേക്ക് അടുത്തു.