കൊവിഡ് ബാധിച്ചവരിൽ 87 ശതമാനം പേർക്കും രോഗം ഭേദമായതായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു.

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയി. കൊവിഡ് ബാധിച്ചവരിൽ 87 ശതമാനം പേർക്കും രോഗം ഭേദമായതായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു.

Scroll to load tweet…

നിലവിൽ ചികിത്സയിലുള്ള രോഗികൾ 11.69 ശതമാനമാണ്. ഇത് ഏകദേശം 9 ലക്ഷത്തിനും താഴെ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശൈത്യക്കാലം മുന്നിൽ കണ്ട് കൊവിഡ് പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകും. തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങൾ അടക്കം വർധിക്കാറുണ്ട്. കൊവിഡ് കാലം കൂടിയായതിനാൽ ഇതും കണക്കിൽ എടുത്ത് മുൻ നടപടികൾ വേണം. രാജ്യത്തെ ഉയർന്ന പ്രതിദിന വർധനവിലേക്കെത്തിയ കേരളത്തിലാണ് നിലവിൽ രാജ്യത്തുള്ള രോഗികളിൽ 11.26 ശതമാനവും.

ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന പുതിയ പ്രചാരണത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. ജാഗ്രത ഉറപ്പു വരുത്തി സാധാരണനിലയിലേക്ക് സമ്പദ് രഗത്തെ കൊണ്ടുവരികയാണ് ലക്ഷ്യം. കേന്ദ്രമന്ത്രിമാരും, കായിക സിനിമ താരങ്ങളും പ്രചാരണത്തിന്റെ ഭാഗമാകും.

കൊവിഡ് വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ രണ്ട് മരുന്ന് കമ്പനികളുടെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ട റിപ്പോർട്ടുകൾ തേടിയിട്ടുണ്ട്. ഇത് അനുസരിച്ച് മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകുമെന്നും ആഭ്യന്ത്രമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ കൂട്ടിച്ചേർത്തു. 

രാജ്യത്ത് ഇന്ന് 55,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിടത്ത് നിന്നാണ് രോഗബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് എത്തിയത്. നിലവിൽ 8,38,729 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സ‌ർക്കാരിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.