ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. 24 മണിക്കൂറിൽ 805 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം 17,082 ആയി. ചെന്നൈയിൽ മാത്രം 549 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 8230 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൊവിഡ് രോഗികളിൽ 88 ശതമാനം പേർക്കും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്കർ പറഞ്ഞു. രോഗവ്യാപനം പിടിച്ചുകെട്ടുകയെന്നത് തമിഴ്നാട്ടിലെ ആരോഗ്യവകുപ്പിന് മുന്നിൽ ബാലികേറാമലയാകുകയാണ്. 

രോഗവ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നത് മാത്രമാണ് തമിഴ്നാടിന് ഏക ആശ്വാസം. 24 മണിക്കൂറിൽ തമിഴ്നാട്ടിൽ മരിച്ചത് 7 പേരാണ്. ആകെ മരണസംഖ്യ ഇതോടെ 118 ആയി ഉയർന്നു. ഇന്ന് തമിഴ്നാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ കേരളത്തിൽ നിന്ന് തിരികെയെത്തിയവരാണ്. 87 പേർ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരും. 

407 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായെന്നത് ആശ്വാസം നൽകുന്ന മറ്റൊരു കണക്കാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 8731 ആയി.

ടെസ്റ്റിംഗ് കണക്കുകൾ കുത്തനെ കൂട്ടിയതാണ് രോഗബാധിതരുടെ എണ്ണവും കൂടാൻ കാരണമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. 4 ലക്ഷം പേരെ ഇത് വരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിക്കഴിഞ്ഞു. 68 ടെസ്റ്റിംഗ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തെമ്പാടും ഉള്ളത്. സർക്കാർ, സ്വകാര്യമേഖലകളിലാണ് ഇവയെല്ലാം. 

ഇന്ന് ചെന്നൈയിൽ നിന്ന് 34 വിമാനസർവീസുകളാണ് വിവിധ നഗരങ്ങളിലേക്ക് പുറപ്പെടാനിരുന്നതെങ്കിലും വിവിധ സംസ്ഥാനങ്ങൾ അനുമതി നിഷേധിച്ചതിനാൽ 15 എണ്ണം റദ്ദാക്കി. കൊൽക്കത്ത, മുംബൈ, ദില്ലി എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. 25 സർവീസുകൾ മാത്രമേ ഒരു ദിവസം ചെന്നൈയിൽ ഇറങ്ങാൻ അനുമതി നൽകൂ എന്ന് സംസ്ഥാനസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 

മരിച്ച മുൻ ചീഫ് ജസ്റ്റിസിനും കൊവിഡ്

ഇതിനിടെ, ചെന്നൈയിൽ ശനിയാഴ്ച അന്തരിച്ച മുൻ ചീഫ് ജസ്റ്റിസ് വി രത്നത്തിന് കൊവിഡ് ഉണ്ടായിരുന്നുവെന്ന പരിശോധനാഫലം പുറത്തുവന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈയിലെ ആശുപത്രിയിൽത്തന്നെയാണ് അദ്ദേഹം അന്തരിച്ചതെന്നായിരുന്നു കുടുംബാംബങ്ങൾ അറിയിച്ചത്. 87 വയസ്സായിരുന്നു. എന്നാൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതിലാണ് അദ്ദേഹം കൊവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് മുൻചീഫ് ജസ്റ്റിസും ആക്ടിംഗ് ഗവർണറുമായിരുന്നു വി രത്നം. 

ഇദ്ദേഹത്തിന്‍റെ വൃദ്ധയായ പത്നിയെയും മകളെയും മരുമകനെയും പേരക്കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും എല്ലാം ക്വാറന്‍റൈനിലേക്കും കർശനനിരീക്ഷണത്തിലേക്കും മാറ്റിയിട്ടുണ്ട്.

രാഘവലോറൻസിന്‍റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ രോഗബാധ

ഇതിനിടെ, ചെന്നൈ അശോക് നഗറിലുള്ള, നടൻ രാഘവ ലോറൻസിന്‍റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലിൽ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചു. ലോറൻസ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ നടത്തുന്ന ഹോസ്റ്റലിൽ ആണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥലത്ത് നിരീക്ഷണം കർശനമാക്കിയതായും ഹോസ്റ്റലിലെ എല്ലാവരെയും കർശനനിരീക്ഷണത്തിലാക്കിയതായും ചെന്നൈ കോർപ്പറേഷൻ വ്യക്തമാക്കി.