കണ്ണൂ‌ർ: കണ്ണൂർ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് പുതിയ കൊവിഡ് ക്ലസ്റ്ററായേക്കുമെന്ന് ആശങ്ക. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ദ്രുത പരിശോധനയിൽ അഞ്ച് പേർക്ക് കൂടി പോസിറ്റീവായി. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കും രോഗികൾക്കുമായി നടത്തിയ റാപ്പിഡ് പരിശോധനയിലാണ് 5 പേർ കൂടി കൊവിഡ്  പോസിറ്റീവായത്. ജനറൽ ഐസിയുവിലെ 2 രോഗികൾക്കും, ഒരു ഡോക്ടർക്കും, രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗത്തിന്‍റെ ഉറവിടെ കണ്ടെത്താനായില്ല. അമ്പതിലധികം ആരോഗ്യപ്രവർത്തകർ നിലവിൽ നിരീക്ഷണത്തിലാണ്.

രോഗം സ്ഥിരീകരിച്ചവർക്ക് രണ്ടാം ഘട്ട പരിശോധന കൂടി നടത്തും. അതും പോസിറ്റീവാണെങ്കിൽ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. മറ്റ് രോഗങ്ങൾക്കും ചികിത്സ തേടിയെത്തുന്നവർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് വാർഡിൽ ജോലിചെയ്യാത്ത ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഡോക്ടർമാർ കൂട്ടത്തോടെ ക്വാറന്റീനിലായത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കും മുൻപ് കൊവിഡ് പരിശോധന നടത്താൻ തീരുമാനമായി. അടിയന്തിര സാഹചര്യത്തിലല്ലാതെ മറ്റ് രോഗികൾ എത്തരുതെന്നും നിർദ്ദേശം നൽകിയിട്ടിട്ടുണ്ട്. 

നൂറോളം  ടെസ്റ്റുകൾ നടത്തിയപ്പോഴാണ് അഞ്ച് പേർ പോസിറ്റീവായത്. പരിയാരം മെഡിക്കൽ കോളേജ് മറ്റൊരു കൊവിഡ് ക്ലസ്റ്ററായി മാറുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം.