10:33 PM (IST) Apr 24

സ്പ്രിംക്ലര്‍ വിധി: പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി എ കെ ബാലന്‍

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പരാതി പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണെന്നും ബാലന്‍ പറഞ്ഞു

10:32 PM (IST) Apr 24

കുവൈത്തിൽ കൊവിഡ് 19 വ്യാപിക്കുന്നു, ഇന്ന് 215 കേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈത്തിൽ കൊവിഡ് 19 വർദ്ധിക്കുന്നു. പുതുതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരാണ്. അസുഖബാധിതനായ ഒരാൾ കൂടി മരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

09:40 PM (IST) Apr 24

യുഎഇയിൽ ഇന്ന് എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു, മരണസംഖ്യ 64 ആയി

യുഎഇയിൽ ഇന്ന് എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയിട്ടുണ്ട്. അതേസമയം 123 പേർക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

09:21 PM (IST) Apr 24

ഗുജറാത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 15 മരണം

ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ കൊവിഡ് ബാധിച്ചുണ്ടായത് 15 മരണം. 191 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2815 ആയും മരണം 127 ആയും ഉയര്‍ന്നു. 

Scroll to load tweet…
09:16 PM (IST) Apr 24

ദില്ലിയില്‍ ഇന്ന് 138 കൊവിഡ് കേസുകള്‍കൂടി, മരണം 53 ആയി ഉയര്‍ന്നു

ദില്ലിയിൽ കൊവിഡ് കേസുകൾ 2500 കടന്നു. ഇരുവരെ 2514 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 138 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് മരണം 53 ആയി. 

Scroll to load tweet…
09:03 PM (IST) Apr 24

മാസ്ക് ധരിക്കാതെ പുറത്തിറങ്ങി, തിരുവനന്തപുരത്ത് 179 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 179 പേർക്കെതിരെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് കേസെടുത്തു. 

09:02 PM (IST) Apr 24

ഇടുക്കിയിലെയും കോട്ടയത്തേയും മൂന്ന് പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പട്ടികയില്‍

ഇടുക്കിയിലെയും കോട്ടയത്തേയും മൂന്ന് പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 

08:45 PM (IST) Apr 24

ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം

ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് അക്ക നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ. ഞായർ ദിവസം നിയന്ത്രണമില്ല. എന്നാല്‍ ആവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. 

07:51 PM (IST) Apr 24

അബ്കാരി ചട്ടം ഭേദഗതി ചെയ്തു, വെയർഹൗസിൽ നിന്നും ആവശ്യക്കാർക്ക് മദ്യം നൽകാം

അബ്കാരി ചട്ടം ഭേദഗതി ചെയ്തു. വെയർഹൗസിൽ നിന്നും ആവശ്യക്കാർക്ക് മദ്യം നൽകാൻ അനുവദിക്കുന്നതാണ് ഭേദഗതി. ഡോക്ടർമാരുടെ കുറിപ്പടിയോടെ വെയർഹൗസിൽ നിന്നും മദ്യം നൽകാമെന്ന ശുപാര്‍ശയിലാണ് ഭേദഗതി. കുറിപ്പടിയോടെ മദ്യം നൽകുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഭേദഗതി വന്നുവെങ്കിലും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. 

07:33 PM (IST) Apr 24

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. കോർപ്പറേഷനിലെ അമ്പലത്തഖ, കളിപ്പാകുളം വാർഡുകൾ മാത്രമാണ് ഇനി ഹോട്ട്സ്പോട്ടുകൾ. വർക്കലയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

07:17 PM (IST) Apr 24

സ്പ്രിംക്ലർ: ഹൈക്കോടതി ഇടക്കാല വിധി, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിയിക്കുന്നതെന്ന് കോടിയേരി

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

07:11 PM (IST) Apr 24

ദില്ലിയില്‍ 160 മാധ്യമ പ്രവർത്തകരുടെ കൊവിഡ് ഫലം നെഗറ്റീവ്

ദില്ലിയിൽ ഇതുവരെ പരിശോധന നടത്തിയ 160 മാധ്യമ പ്രവർത്തകരുടെ കൊവിഡ് ഫലം നെഗറ്റീവ്. അതേസമയം 39 ശൂചീകരണ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം സ്ഥീരീകരിച്ചത്

07:07 PM (IST) Apr 24

സ്പ്രിംക്ലർ: പ്രതിപക്ഷ ആരോപണങ്ങൾ നിരർത്ഥകമെന്ന് കോടതിയില്‍ തെളിഞ്ഞെന്ന് കോടിയേരി

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

06:50 PM (IST) Apr 24

​ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം 36,633 ആയി, ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. 

06:48 PM (IST) Apr 24

തമിഴ്നാട്ടിൽ ഇന്ന് 72 പേർക്ക് കൂടി കൊവിഡ് ബാധിച്ചു

തമിഴ്നാട്ടിൽ 72 പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി. ഇന്ന്മാത്രം രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതില്‍ 52 പേർ ചെന്നൈയില്‍ നിന്നുള്ളവരാണ്.

06:20 PM (IST) Apr 24

എം ജി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങിവരരുതെന്ന് രജിസ്ട്രാർ

എം ജി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങിവരരുതെന്ന് രജിസ്ട്രാർ. മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ പഠനവകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹോസ്റ്റലുകളിലേക്ക് മടങ്ങിവരരുതെന്നും സർവകലാശാല അറിയിപ്പ് ലഭിക്കുമ്പോൾ മാത്രമേ എത്താവൂവെന്നും രജിസ്ട്രാർ അറിയിച്ചു. വാർഷിക അവധിക്കുശേഷം മെയ് 18 മുതൽ സർവകലാശാല പഠനവകുപ്പുകൾ തുറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകും. 

06:16 PM (IST) Apr 24

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,452 ആയി, മരണം 724

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 724 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേർക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 4813 പേർക്ക് രോഗം ഭേദമായി. 

05:58 PM (IST) Apr 24

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം, കോഴിക്കോട് അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്റൈനിൽ

കോഴിക്കോട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്റൈനിൽ. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോസ്ഥരുമുള്‍പ്പെടെ ക്വാറന്‍റീനില്‍ പ്രവേശിച്ചു. 

05:35 PM (IST) Apr 24

സ്പ്രിംക്ലര്‍: പരാമർശം അല്ല ഉത്തരവ് ആണ് പ്രധാനം, കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം

സ്പ്രിംക്ലറില്‍ കോടതി പരാമർശം അല്ല ഉത്തരവ് ആണ് പ്രധാനം. കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം നടത്തുമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആവശ്യം കരാർ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. എന്നാല്‍ കരാറുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിനോട് പറഞ്ഞു. ആ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഡാറ്റാ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നു. അക്കാര്യത്തിൽ വീഴ്ചയുണ്ടാകില്ല. 

05:28 PM (IST) Apr 24

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഡയാലിസിസ് രോഗികള്‍ക്ക് ഒള്‍പ്പെടെ മരുന്ന് എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് മരുന്ന് ലഭ്യത ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി