ഹൈദരാബാദ്: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ തെലങ്കാനയിൽ അഞ്ച് ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. തെലങ്കാനയിൽ രോഗബാധിതരുടെ എണ്ണം 26 ആയി.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വൈകുന്നേരം പ്രഖ്യാപിക്കുകയായിരുന്നു, ഹൈദരാബാദ്, രംഗറെഡ്ഡി, മേട്കൽ,സംഗറെഡ്ഡി, ബദ്രാദികൊത്താഗുഡം എന്നിവിടങ്ങളിലാണ് ഇന്ന് മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 31 വരെയാണ് ലോക്ഡൗൺ.

ലോക്ഡൗണിന്റെ ഭാഗമായി തെലങ്കാന അതിർത്തികൾ അടച്ചു. പൊതുഗതാഗതസംവിധാനങ്ങൾ നിർത്തി. യാത്രാവാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഓരോ കുടുംബത്തിലെയും ഒരാൾ മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദ്ദേശമുണ്ട്. 

കൊവിഡ് 19 ബാധിതരുടെ എണ്ണംഉയരുന്ന സാഹചര്യത്തിൽ, മാർച്ച് 31 വരെ രാജ്യത്തെ 75 ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഇന്ന് നിർദ്ദേശിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ പ്രകാശം, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളിലും ഇന്ന മുതൽ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.