Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ തുടർന്നാൽ ജിഡിപി വളർച്ച നെഗറ്റീവ്, മുന്നറിയിപ്പ്, കേരളത്തിന് ഇളവ് ലഭിക്കുമോ?

രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവഗുരുതരമാകുമെന്നാണ് വിദഗ്ധസംഘത്തിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ സ്ഥിതി മെച്ചപ്പെട്ട സംസ്ഥാനങ്ങൾക്ക് ഇളവ് നൽകണമെന്ന് ശുപാർശയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

covid 19 lock down to continue experts warns of negative gdp growth if it continues
Author
New Delhi, First Published Apr 10, 2020, 11:24 AM IST

ദില്ലി: രാജ്യം സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുമ്പോൾ ലോക്ക് ഡൗൺ തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലാകുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ലോക്ക് ഡൗൺ ഒരു മാസം കൂടി തുടരാനാണ് തീരുമാനമെങ്കിൽ ജിഡിപി വളർച്ച നെഗറ്റീവിലെത്തുമെന്നാണ് കേന്ദ്രസർക്കാരിന് വിദഗ്ധസമിതി മുന്നറിയിപ്പ് നൽകുന്നത്. വളർച്ച കുത്തനെ കുറയും. അങ്ങനെയെങ്കിൽ രാജ്യത്തെ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുമെന്നും, പട്ടിണി വ്യാപിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. 

ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 4.8 ശതമാനത്തിൽ ഒതുങ്ങുമെന്ന് നേരത്തേ യുഎൻ തന്നെ പ്രവചിച്ചിരുന്നതാണ്. എന്നാൽ ആ കണക്കിലേക്കും രാജ്യമെത്തില്ലെന്ന സൂചനയാണ് വരുന്നത്. ലോക്ക് ഡൗൺ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം അത്ര വലുതാണ്. 

കേരളത്തിന് ഇളവ് ലഭിക്കുമോ?

ഈ സാഹചര്യത്തിൽ നിലവിൽ സ്ഥിതി മെച്ചപ്പെട്ട സംസ്ഥാനങ്ങളിലെങ്കിലും ലോക്ക് ഡൗണിൽ ഇളവുകൾ നൽകണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. അത്തരത്തിലൊരു നീക്കം തന്നെയാണ് കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നതെന്നും ഉന്നതവൃത്തങ്ങൾ സൂചന നൽകിയതായി ഞങ്ങളുടെ ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

അത്തരമൊരു സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും വിപുലമായ സന്നാഹങ്ങളോടെ കേരളം കൊവിഡിനെ നേരിട്ടു. നിരവധി ടെസ്റ്റിംഗുകൾ നടത്തി. രോഗം പടരുന്നത് കർശനനിയന്ത്രണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും തടഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിൽ ദിവസം തോറും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഒപ്പം, രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം ചില ദിവസങ്ങളിൽ രോഗികളേക്കാൾ കൂടുതലുമാണ്. 

ഈ സാഹചര്യത്തിൽ കർശനനിരീക്ഷണത്തിന് കേന്ദ്രം നിർദേശിച്ച ഇടങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കാനാണ് തീരുമാനം. മുംബൈ, ദില്ലി അടക്കം 1100 ഇടങ്ങളാണ് ഹൈ റിസ്ക് മേഖലയായി കണക്കാക്കിയിട്ടുള്ളത്. 

ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കാണ് രാജ്യം നടന്നടുക്കുന്നതെന്ന് നേരത്തേ ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കിയിരുന്നതാണ്. ഈ സാഹചര്യത്തിൽ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ കുറയുമെന്ന് നിതി ആയോഗും കണക്ക് കൂട്ടിയിരുന്നു. 

''എത്ര കാലം ഈ സാമ്പത്തിക കർഫ്യൂ, അഥവാ ലോക്ക് ഡൗൺ തുടരും എന്നതാണ് ഇതിൽ നിർണായകം, ഇത് കൂടിയാൽ ഉറപ്പായും ജിഡിപി നിരക്ക് പൂജ്യത്തിലേക്കോ നെഗറ്റീവിലേക്കോ പോലും പോയേക്കാം. എന്തുണ്ടാകുമെന്നതിൽ തീർത്തും അനിശ്ചിതാവസ്ഥയുണ്ട്. രോഗവ്യാപനം പിടിച്ചുകെട്ടുന്നത് തന്നെയാണ് ഇതിൽ നിർണായകം'', എന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വ്യക്തമാക്കുന്നു.

അതേസമയം, ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാട് കർശനമാക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ഇതിന്‍റെ മുന്നോടിയായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കാൻ ഒഡിഷ സ്വയം ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. സമാനമായ അഭിപ്രായമാണ് 20 സംസ്ഥാനങ്ങളെങ്കിലും കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. സമാനമായ അഭിപ്രായം തന്നെയാണ് ആരോഗ്യരംഗത്തെ വിദഗ്ധരും കേന്ദ്രസർക്കാരിനോട് പറയുന്നത്. ലോക്ക് ഡൗൺ തുടർന്നില്ലെങ്കിൽ രാജ്യം പടർന്ന് പിടിക്കുന്ന പകർച്ചവ്യാധിയെ നേരിടേണ്ടി വരും. അത് ഇപ്പോഴുള്ളതിനേക്കാൾ മോശം അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകും. സാമൂഹിക വ്യാപനം ചൂണ്ടിക്കാട്ടി ഐസിഎംആറിന്‍റെ റിപ്പോർട്ട് പുറത്തുവന്നു കഴിഞ്ഞു. അതിനാൽ ലോക്ക് ഡൗൺ തുടരുന്നതാണ് ഉചിതമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  

ഈ സാഹചര്യത്തിൽ നാളെയോ മറ്റന്നാളോ തന്നെ ലോക്ക് ഡൗൺ തുടരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാ‍ർ അവസാനവട്ട ചർച്ചകൾ നടത്തും. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയാകും സ്വീകരിക്കുക. ഇന്ന് ലോക്ക് ഡൗൺ വിലയിരുത്താൻ കേന്ദ്ര മന്ത്രിതലസമിതി യോഗവും ചേരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios