ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയിൽ തുടങ്ങി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് പതിവ് പോലെ അഞ്ച് മണിക്കുള്ള വാർത്താസമ്മേളനം ഉണ്ടാകില്ല. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം മോദി വിളിച്ച് ചേർക്കുന്ന മുഖ്യമന്ത്രിമാരുടെ അഞ്ചാമത്തെ യോഗമാണിത്. ലോക്ക് ഡൗൺ നീട്ടണമെന്ന് പശ്ചിമബംഗാൾ അടക്കമുള്ള നാല് സംസ്ഥാനങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടണമെന്നായിരുന്നു ആവശ്യം.

മെയ് 17-ന് ശേഷം ലോക്ക്ഡൗൺ തുടരണോ, നിയന്ത്രണങ്ങളിൽ എന്തെല്ലാം ഇളവുകളാകാം എന്നതിൽ വിശദമായ ച‍ർച്ച യോഗത്തിലുണ്ടാകും. എത്ര സമയം യോഗം നീളും എന്നതിൽ കൃത്യമായ നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫീസ് വയ്ക്കുന്നില്ല. എല്ലാ മുഖ്യമന്ത്രിമാർക്കും യോഗത്തിൽ സംസാരിക്കാൻ അവസരമുണ്ടാകും. കഴിഞ്ഞ യോഗങ്ങളിൽ ഗുരുതരമായ രോഗവ്യാപനമുള്ള സംസ്ഥാനങ്ങൾക്കായിരുന്നു മുൻഗണനയും സംസാരിക്കാൻ അവസരവും. മാത്രമല്ല. ചർച്ച എത്ര നേരം നീളുന്നോ, അത്ര നേരം ഈ യോഗം തുടരാൻ തന്നെയാണ് തീരുമാനം. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചർച്ച നടത്തിയിരുന്നു. 

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർ‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. 

നാളെ മുതൽ യാത്രാതീവണ്ടി സർവീസുകൾ റെയിൽവേ ഘട്ടം ഘട്ടമായി തുടങ്ങുകയാണ്. ഓൺലൈൻ വഴി മാത്രമാണ് ബുക്കിംഗ് എങ്കിലും വീണ്ടും തുടങ്ങുന്ന 15 തീവണ്ടികളിൽ എന്തെല്ലാം സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നതിൽ സംസ്ഥാനങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്. നിലവിൽ സംസ്ഥാനങ്ങൾക്കിടയിലുള്ള യാത്രകൾക്ക് പാസ്സുകൾ നി‍ർബന്ധമാണ്. തീവണ്ടിയിൽ യാത്രക്കാർ ദില്ലിയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും എത്തുമ്പോൾ അവരെ കൃത്യമായി ട്രാക്ക് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് ബുദ്ധിമുട്ടാകും. ഇക്കാര്യവും ഇന്നത്തെ യോഗത്തിൽ ഉന്നയിക്കും.

വിവിധ സംസ്ഥാനങ്ങൾ നിലവിലുള്ള റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകളുടെ വിഭജനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയേക്കും. കുടിയേറ്റത്തൊഴിലാളികൾ കൂടി തിരികെ വരുന്നതോടെ, നിലവിൽ ഗ്രീൻ സോണിലുള്ള നിരവധി പ്രദേശങ്ങൾ ഓറഞ്ചോ റെഡ് സോണിലേക്കോ തന്നെ മാറാൻ സാധ്യതയുണ്ടെന്ന് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. റെഡ് സോണുകളായ നഗരങ്ങളിൽ നിന്നാണ് കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ മാർഗവും നടന്നും, റോഡ് മാർഗവും നിലവിൽ നാടുകളിലേക്ക് പോകുന്നത്. ഇങ്ങനെ കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകുന്നതും, പൊതുഗതാഗതം അങ്ങനെ ചെറിയ രീതിയിലെങ്കിലും പുനഃസ്ഥാപിക്കുന്നതും രാജ്യം സാധാരണ നിലയിലാകുന്നതിനെ ചെറുക്കുമെന്നും, ഇതിൽ പുനഃപരിശോധന വേണമെന്നും നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

അതിനാൽ നിലവിലെ സോൺ നിശ്ചയിക്കൽ രീതിയിൽ തന്നെ മാറ്റങ്ങൾ വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവിൽ ഗ്രീൻ സോണായ ഇടത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളുണ്ടെങ്കിൽ അവയെ റെഡ് സോണായി പ്രഖ്യാപിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ പറയുന്നത്.