കൊൽക്കത്ത/ മുംബൈ: കൊവിഡ് രോഗം ആരോഗ്യപ്രവർത്തകരിലേക്ക് കൂടി പകരുമ്പോൾ, ഇവരെ ചികിത്സിക്കുന്ന നഴ്സുമാർക്ക് രോഗം പകരുന്നത് കൂടുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽത്തന്നെ നഴ്സുമാരിൽ മഹാഭൂരിപക്ഷവും മലയാളികളാണ് എന്നത് നമ്മുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ ഇന്ന് മാത്രം ഇതുവരെ ആറ് മലയാളി നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാട്ടിയ ആശുപത്രിയിൽ നാലും, ബ്രീച്ച് കാൻഡി ആശുപത്രിയിൽ രണ്ടും നഴ്സുമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഗതികേടിൽ മുംബൈയിലെ നഴ്സുമാർ

ഭാട്ടിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സുമാർക്ക് ഒരു ചികിത്സയും കിട്ടുന്നില്ലെന്നും ഇതുവരെ ഡോക്ടറൊന്ന് വന്ന് നോക്കിയിട്ട് പോലുമില്ലെന്നും രോഗം ബാധിച്ച നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

''ഞങ്ങളുടെ ആശുപത്രിയിൽ ആകെ 60 മലയാളി നഴ്സുമാരുണ്ട്. ഇതിൽ നാൽപ്പത് പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ ഇന്നലെ വരെ പോസിറ്റീവായത് 17 പേരാണ്. ആശുപത്രി മാനേജ്മെന്‍റ് ഇതുവരെ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കൊവിഡ് പോസിറ്റീവായവരുടെ പേരുകൾ ഇതൊക്കെയാണ് എന്ന് പറഞ്ഞ് ഞങ്ങളെയെല്ലാം ഒരു നിലയിലെ കുറച്ച് മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടർമാരടക്കം ഞങ്ങളെ നോക്കാൻ വന്നിട്ടില്ല. ഞങ്ങളിനി എന്ത് ചെയ്യണമെന്ന് പോലും പറയാതെ നഴ്സിംഗ് സൂപ്രണ്ടടക്കം ഇവിടെ നിന്ന് ഇറങ്ങിപ്പോയി. ഞങ്ങൾ നിലവിൽ ഇവിടെ കൊവിഡ് ബാധിച്ച മറ്റ് രോഗികളെ പരിശോധിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഡബിൾ ഡ്യൂട്ടി എടുത്തവരാണ് ഞങ്ങളെല്ലാവരും. ഞങ്ങൾക്ക് വേണ്ട എന്തെങ്കിലും സൗകര്യം അവർ ഒരുക്കിത്തരണ്ടേ? ഞങ്ങളുടെ കൂടെയുള്ള നിരവധി മലയാളികൾ ഹോസ്റ്റലുകളിലുണ്ട്. അവർക്ക് കൊവിഡ് ടെസ്റ്റ് പോലും ചെയ്തിട്ടില്ല. അവരും പോസിറ്റീവാകാനാണ് സാധ്യത'', എന്ന് മലയാളി നഴ്സുമാർ.  

നാല് ദിവസമായി, തിരിഞ്ഞു നോക്കിയില്ല

സമാനമായ സ്ഥിതിയാണ് കൊൽക്കത്തയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എം ആർ ബാംഗൂർ ആശുപത്രിയിലും. മലയാളികളായ ആറ് പേർക്കൊപ്പം കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടും ഇവിടെയുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ പാടില്ല, പകരം സർക്കാർ ആശുപത്രിയിലേക്ക് എല്ലാ രോഗികളെയും മാറ്റണമെന്ന നിർദേശപ്രകാരമാണ് ഇവരിവിടെ എത്തിയത്. മൊത്തം ആളൊഴിഞ്ഞ ഒരു വലിയ വാർഡിൽ ഇവരെ ഉപേക്ഷിച്ച നിലയിലാണെന്ന് ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. കുടിക്കാൻ വെള്ളമോ, വിരിച്ച് കിടക്കാൻ ബെഡ്ഷീറ്റോ പോലെ അടിസ്ഥാനസൗകര്യം പോലുമില്ലെന്നാണ് ഇവർ പറയുന്നത്. ഇതിൽ പലർക്കും പനിയും മറ്റ് അസുഖലക്ഷണങ്ങളുമുണ്ട്. എന്തുവേണമെന്ന് അന്വേഷിക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ചികിത്സയോ, ഭക്ഷണമോ മര്യാദയ്ക്ക് കിട്ടുന്നില്ല - ഇവർ പറയുന്നു.

''ഏഴാം തീയതിയാണ് ഞാനിവിടെ വന്നത്. ഇതുവരെ ഡോക്ട‍ർമാരാരും തിരിഞ്ഞ് നോക്കിയിട്ടില്ല. നാല് ദിവസമായി. മരുന്നില്ല. എന്‍റെ ബിപി പോലും ചെക്ക് ചെയ്തിട്ടില്ല. ഭക്ഷണവും മര്യാദയ്ക്ക് കിട്ടുന്നില്ല. ടോയ്‍ലറ്റും മര്യാദയ്ക്ക് ഇല്ല'', എന്ന് മലയാളി നഴ്സ്. 

അതേസമയം, ദില്ലി മഹാരാജ അഗ്രസെൻ ആശുപത്രിയിൽ നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി. ദില്ലിയിൽ എമ്പാടും രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 32 ആയും ഉയർന്നു. 

ഇന്നലെ ദില്ലിയിലെ എൽഎൻജെപി ആശുപത്രിയിൽ നഴ്സുമാർക്ക് താമസിക്കാൻ പോലും ഇടം കിട്ടാതിരുന്ന സ്ഥിതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമികാവശ്യങ്ങൾക്ക് പോലും മര്യാദയ്ക്ക് സൗകര്യമില്ലാത്ത ഇടത്താണ് രോഗം ബാധിച്ച നഴ്സുമാരെ പാർപ്പിച്ചിരുന്നത്. ഈ വിവരം പുറത്തറിഞ്ഞതോടെ എൽഎൻജെപി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി. നഴ്സിംഗ് അസോസിയേഷൻ പ്രവർത്തകർ കൂട്ടമായി എത്തി പ്രതിഷേധം അറിയിച്ചതോടെ ഇവരെ ഗുജറാത്ത് ഭവനിൽ പ്രത്യേകം തയ്യാറാക്കിയ മുറികളിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയായിരുന്നു.