ഹൈദരാബാദ്: കൊവിഡ് 19 ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്‌പോള്‍ മുന്നറിയിപ്പുകളെയും നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തി തെലങ്കാനയില്‍ ആയിരങ്ങള്‍ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ്. വരന്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ട് ഏഴ് ദിവസം മാത്രമേ ആയിട്ടുള്ളൂ. വിദേശരാജ്യത്തുനിന്ന് എത്തിയാല്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കണമെന്നിരിക്കെയാണ് വിവാഹം ആഘോഷപൂര്‍വ്വം നടത്തിയത്. 

ആയിരത്തിലേറെ പേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് വരന്റെ പിതാവ് പറഞ്ഞതായി ഒരു ബന്ധു വ്യക്തമാക്കിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് ശേഷം വരനെ വീണ്ടും നിരീക്ഷണത്തിലേക്ക് മാറ്റുകയും വെള്ളിയാഴ്ച നടക്കാനിരുന്ന വിവാഹസല്‍ക്കാരം റദ്ദാക്കുകയും ചെയ്തു. 

വരനോ വധുവോ ബന്ധുക്കളോ ചടങ്ങിനെത്തിയവരോ ആരും തന്നെ മാസ്‌ക് ധരിക്കുകയോ ആരോഗ്യവിദഗ്ധരോ സര്‍ക്കാരോ നല്‍കിയ നിര്‍ദ്ദേശം പാലിക്കുകയോ ചെയ്തിട്ടില്ലെന്നും വിവാഹത്തില്‍ പങ്കെടുത്തവരെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 12ന് ഒരു സുഹൃത്തിനൊപ്പമാണ് വരന്‍ ഫ്രാന്‍സില്‍ നിന്ന് ഹൈദരാബാദിലെത്തിയത്. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇവര്‍ ഇവിടെ നിന്ന് വിവാഹത്തിനായി വാരങ്കലിലേക്ക് യാത്ര തിരിച്ചു. 

വലിയ ആഘോഷ പരിപാടികള്‍ നടക്കാതിരിക്കാന്‍ വിവാഹ മണ്ഡപങ്ങള്‍ ബുക്ക് ചെയ്യുന്നത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിരോധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് തെലങ്കാനയിലെത്തിയ നൂറുകണക്കിന് പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ നിരീക്ഷണത്തില്‍ ആവശ്യമായ സൗകര്യങ്ങൡല്ലെന്നാണ് ആളുകളുടെ പരാതി. നിരവധി പേരെ പുറത്തിറങ്ങരുതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നുമുള്ള നിര്‍ദ്ദേശ പ്രകാരം വീട്ടിലേക്ക് തിരിച്ചയക്കുന്നുമുണ്ടെന്നും  റിപ്പോര്‍ട്ടുകള്‍ പറയുന്നു.