ദില്ലി: പ്രധാനമന്ത്രി അഭിസംബോധനയിൽ കൊവിഡ് സാഹചര്യം നേരിടുന്നതിനായി ഉള്ള സാമ്പത്തിക പാക്കേജിന്‍റെ കാര്യത്തിൽ മൗനം പാലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളോട് പ്രതിപക്ഷം പിന്തുണ അറിയിക്കുമ്പോഴും ജനജീവിതം ദുരിതസമാനമാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കളെല്ലാം. 

ആദ്യം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ചുവട് പിടിച്ച് വിശദമായ രണ്ടാം പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള തിരക്കിട്ട യോഗങ്ങളും ദില്ലിയിൽ നടന്നിരുന്നു. കൊവിഡ് പ്രതിരോധിക്കാനുള്ള അടച്ചുപൂട്ടൽ സാമ്പത്തിക മേഖലയെ പിന്നോട്ടു വലിക്കുമ്പോഴും ഇന്ത്യ സ്വീകരിച്ച നടപടികൾ ശരിയെന്ന് സ്ഥാപിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ  ശ്രമം.

കൊവിഡ് വ്യാപനം വരും മുൻപ് തന്നെ വിമാനത്താവളങ്ങളിൽ അടക്കം പരിശോധന നടത്തിയിരുന്നു എന്ന് ഇത് സംബന്ധിച്ച  രാഹുൽ ഗാന്ധിയുടെ വിമര്‍ശനം മനസിൽ വച്ച് മറുപടി പറഞ്ഞ പ്രധാനമന്ത്രി ആദ്യ സാമ്പത്തിക പാക്കേജിനപ്പുറമുള്ള നടപടികൾ തൽക്കാലം ഉണ്ടാകില്ലെന്ന സൂചനയാണ് നൽകിയത്. 

തുടര്‍ന്ന് വായിക്കാം: സംസ്ഥാനങ്ങൾക്ക് അഭിനന്ദനം പോര പണം വേണം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ തോമസ് ഐസക്ക്...
ദുര്‍ബല വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാൻ എന്തുണ്ടെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സമൂഹത്തിലെ പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുമെന്നതിന് മറുപടി ഇല്ലെന്നത് ആശങ്കപ്പെടുത്തുകയാണ് എന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. ലോക്ക് ഡൗൺ അടക്കം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് പറയുമ്പോഴും  ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ഉദാരമായ സാമ്പത്തിക പാക്കേജ് കൂടി വേണമെന്നും എകെ ആന്‍റണി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. 

മാത്രമല്ല പ്രവാസികളെ കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ ആശങ്കയെ കുറിച്ചും ഒരു പരാമര്‍ശവും പ്രധാനമന്ത്രി നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക