ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം പിന്നിട്ടു. ഇത് വരെ 58,18,570 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,052 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 1141 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് മരണം 92,290 ആയി. 1.59 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 

81,177 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 47,56,164 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 19,164 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 7,855 ഉം കർണാടകയിൽ 7710 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. 

കൊവിഡ് ചികിൽസയിലായിരുന്ന ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കി സ്ഥിരീകരിച്ചതോടെ ആരോഗ്യനില മോശമായി. കോവിഡാനന്തര ചികിൽസയിലുള്ള അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽ മന്ത്രി ഏക്നാഥ് ഷിൻഡേയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.