ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് മാത്രം 759 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗബാധിതരുടെ എണ്ണം 15512 ആയി. ഇന്ന് മാത്രം അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട് ആരോ​ഗ്യവകുപ്പിന്റെ ഔദ്യോ​ഗിക കണക്കനുസരിച്ച് സംസ്ഥാനത്തിത് വരെ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ചെന്നൈ ന​ഗരത്തിൽ മാത്രം ഇന്ന് 624 പേ‍‍ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 9989 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 മലയാളി റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥരും ഉൾപ്പെടുന്നു.

ചെന്നൈയിൽ ചേരികളില്‍ ഉള്‍പ്പടെ കൂടുതല്‍ ഇടങ്ങളിലേക്ക് രോഗം പടരുന്നത് ആശങ്ക വ‍‌‍ർധിപ്പിക്കുകയാണ്. ചെന്നൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 17 ഡോക്ടര്‍മാര്‍ക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതർ കൂടുമ്പോഴും ചെന്നൈയിൽ ഉൾപ്പടെ സർക്കാർ കൂടുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരാഴ്ചയ്ക്കിടെ 5000 പേ‍ർക്കാണ് തമിഴ്നാട്ടിൽ പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ എഴുപത് ശതമാനവും ചെന്നൈ ന​ഗരത്തിലാണ്. വടക്കൻ ചെന്നൈയ്ക്ക് പുറമേ കോടമ്പാക്കം, അ‍ഡയാ‌‍‌ർ, ഷോളിംഗനല്ലൂർ ഉൾപ്പടെ ദക്ഷിണ ചെന്നൈയിലും പുതിയ രോഗികളുണ്ട്. കൂടുതൽ മേഖലകൾ ഹോട്ട്സ്പോട്ടായി മാറുകയാണ്.

ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന് സമീപമുള്ള ബാരക്കില്‍ താമസിച്ചിരുന്ന മലയാളി ഉള്‍പ്പടെ പതിനഞ്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ 17 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അമ്പതിലധികം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

ഒരു ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന കണ്ണകി നഗറില്‍ 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തേനി തെങ്കാശി അതിർത്തി ജില്ലകളിലും രോഗികൾ കൂടി. എന്നാല്‍ സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

ചെന്നൈയിൽ ഉൾപ്പടെ കാര്യമായ ഇളവ് നൽകിയതോടെ ജനം ഒന്നടങ്കം തെരുവിലിറങ്ങിയത് കൂടുതൽ രോഗ വ്യാപനത്തിന് ഇടയാകുമോ എന്നാണ് ആശങ്ക.