Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; 1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു

നിലവിൽ 8,01,282 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേർ ഇത് വരെ രോഗമുക്തി നേടി. 76. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. 

covid 19 number of total confirmed cases crosses 37 lakhs 1045 deaths confirmed by authorities
Author
Delhi, First Published Sep 2, 2020, 10:34 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 37, 69, 523 ആയി. 1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 66333 പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

നിലവിൽ 8,01,282 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേർ ഇത് വരെ രോഗമുക്തി നേടി. 76. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് കണക്കുകൾ കുത്തനെ ഉയരാൻ കാരണം അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. മഹാരാഷ്ട്ര , ആന്ധ്ര പ്രദേശ് ,കർണാടകം, തമിഴ്നാട് , ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അഞ്ച് സംസ്ഥാനങ്ങളിലായി 536 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. രാജ്യത്ത് രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ 56 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടുതൽ പേർ രോഗമുക്തരായതും ഈ സംസ്ഥാനങ്ങളിൽതന്നെയാണ്. രോഗം ഭേദമായവരുടെ എണ്ണം ജൂലൈ ആദ്യത്തെ അപേക്ഷിച്ച് ഓഗസ്റ്റ് അവസാനം ആയപ്പോൾ നാലിരട്ടിയായി. 

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിരിക്കുകയാണ്. 15,765 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 8,08,306 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 320 പേർ മരിച്ചു. സംസ്ഥാനത്ത് മരണസംഖ്യ ഇരുപത്തിഅയ്യായിരത്തിലേക്ക് അടുക്കുകയാണ്. 24,903 പേരാണ് ഇതുവരെ മരിച്ചത്. മുംബൈയിൽ 1142 പേർക്ക് കൂടി രോഗം ബാധിച്ചു.

കർണാടകത്തിൽ ആകെ കൊവിഡ് രോഗികൾ മൂന്നര ലക്ഷം കടന്നു. ഇന്നലെ 9,058 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 135 പേർ കൂടി മരിച്ചു. ബെംഗളൂരു നഗരത്തിൽ മാത്രം 2,967 പേർ രോഗബാധിതരായി. 40 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിൽ ഉള്ളവർ 90,999 ആയി. ഔദ്യോഗിക കണക്കനുസരിച്ച് ആകെ മരണം 5,837 ആണ്.  ആകെ രോഗബാധിതർ 3,51,481 ആയി. 

ബെംഗളൂരു നഗരത്തിലെ നിയന്ത്രിത മേഖലകളുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. കിഴക്കൻ ബെംഗളൂരുവിലാണ്, കൂടുതൽ നിയന്ത്രിക മേഖലകൾ. നഗരത്തിൽ മാത്രം മുപ്പത്തി ഏഴായിരത്തിൽ അധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 

തമിഴ്നാട്ടിൽ 5,928 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 4,33,969 ആയി. കേരളത്തിൽ നിന്നെത്തിയ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 96 മരണം സർക്കാർ സ്ഥിരീകരിച്ചു ഇതോടെ തമിഴ്നാട്ടിൽ ആകെ മരണം 7418 ആയി.

Follow Us:
Download App:
  • android
  • ios