ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തു അനുഗ്രഹം വാങ്ങിയും ബെംഗളൂരുവിലെ ജെഡിഎസ് നേതാവ്. ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു കോർപ്പറേറ്റർ ഇമ്രാൻ പാഷയുടെ പ്രകടനം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരു പാദരായണപുര വാർഡിലെ കോർപ്പറേറ്ററാണ് ഇമ്രാൻ പാഷ. വെളളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തടിച്ചുകൂടിയ അനുയായികൾക്ക് ഇടയിലേക്ക് ഇറങ്ങിവന്ന് പാഷ അനുഗ്രഹം തേടി. ആംബുലൻസിന് പുറത്തിങ്ങി ആളുകൾക്കിടയിലൂടെ നടന്നു. അനുയായികൾ മുദ്രാവാക്യം വിളിച്ചു.

ആരോഗ്യപ്രവർത്തകർ നോക്കിനിൽക്കെയായിരുന്നു ഇതെല്ലാം. വെളളിയാഴ്ച കൊവിഡ് ഫലം വന്ന ശേഷവും ആശുപത്രിയിലേക്ക് മാറാൻ ജെഡിഎസ് നേതാവ് തയ്യാറായിരുന്നില്ല. ശനിയാഴ്ച ആംബുലൻസ് എത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഗുരുതര വീഴ്ചയ്ക്ക് ഉദ്യോഗസ്ഥരോട് ബിബിഎംപി വിശദീകരണം തേടി. ഇമ്രാൻ പാഷക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള വാർഡാണ് പാദരായണപുര. കോർപ്പറേറ്റർക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.