ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചർച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബിൽ നാളെ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെങ്കിലും രോഗവ്യാപനത്തിന്‍റെ പുതിയ സാഹചര്യത്തിൽ ബജറ്റ് സെഷൻ വെട്ടിച്ചുരുക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്‍റേയും ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയം.

കൊവിഡ് ആശങ്കക്കിടെ പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ന്ന് പോകുന്നതിൽ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോൾ പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ന്ന് പോകുന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിമര്‍ശനം ഏറെയും. മധ്യപ്രദേശ് സര്‍ക്കാര്‍ അട്ടിമറിയടക്കമുള്ള കാര്യങ്ങൾ ഇതിന് തെളിവായി പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.  മാത്രമല്ല എംപിമാര്‍ വരെ കൊവിഡ് സംശയത്തിന്‍റെ പേരിൽ സ്വയം സന്നദ്ധരായി നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. 

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഏപ്രിൽ മൂന്ന് വരെ സമ്മേളനം നടത്തിക്കൊണ്ട് പോകണമെന്ന നിലപാടാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും കൈക്കൊണ്ടിരുന്നത്. അതല്ലാതെ പാര്‍ലമെന്‍റ് സമ്മേളനം അടക്കം വെട്ടിച്ചുരുക്കുന്ന നിലയിലേക്ക് പോയാൽ ജനങ്ങളിൽ അത് അനാവശ്യ ഭീതി ഉണ്ടാക്കുമെന്നായിരുന്നു ഇത് വരെയുള്ള ന്യായം. 

കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്. കാരണം കഴിഞ്ഞ രണ്ട് ദിവസമായി വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടാനിടയുണ്ടെന്നും കണക്കുകൂട്ടലുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയായിരിക്കും പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക