മംഗലൂരു: മംഗലൂരുവിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ തട‌ഞ്ഞു. മംഗലൂരു നോർത്ത് എംഎൽഎ ഭരത് ഷെട്ടിയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം നാട്ടുകാരാണ് മൃതദേഹവുമായി എത്തിയ ആരോഗ്യപ്രവർത്തകരെ തടഞ്ഞത്. 

വ്യാഴാഴ്ചയാണ് ബണ്ട്വാൾ സ്വദേശിയായ സ്ത്രീ കൊവിഡ് 19 ബാധിച്ച് മരിച്ചത്.  സംസ്കാരത്തിനായി പച്ചനാടിയിലെ പൊതു ശ്മശാനത്തിലെത്തിച്ചപ്പോഴാണ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് മൃതദേഹം മൂഡ്ഷെഡേയിലെ ശ്മശാനത്തിലെത്തിച്ചെങ്കിലും ഇവിടെയും പ്രതിഷേധമുണ്ടായതിനെ തുടർന്ന് സംസ്കാരം നടത്താനായില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുല‍‌‌ർച്ചെ മൂന്ന് മണിയോടെ കൈകുഞ്ചയിലെത്തിയാണ് സംസ്കാരം നടത്തിയത്. 

ആദ്യം മരിച്ച സ്ത്രീയുടെ ശരീരം സംസ്കരിക്കാൻ കൊണ്ടുപോയപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. ഡോക്ടർ കൂടിയാണ് മംഗളുരു നോർത്ത് എംഎൽഎ ആയ ഭരത്‌ ഷെട്ടി. ഇയാൾക്ക് കൊവിഡ് പ്രതിരോധ ചുമതല കൂടി ഉണ്ട്.