ബീഹാർ: കൊവിഡ് 19 രോ​ഗബാധിതരുടെ എണ്ണത്തിൽ ബീഹാറിൽ വർദ്ധനവ്. രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ പത്ത് പേർക്കാണ് കൊവിഡ് 19 രോ​ഗം പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗികളുടെ എണ്ണം സംസ്ഥാനത്ത് 80ലെത്തി. ജമാൽപൂരിലെ മുങ്കർ ജില്ലയിൽ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ആറ് പേരിൽ ഒരാളാണ് രണ്ട് വയസ്സുള്ള കുട്ടി. 20നും 55 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകൾ, 38നും 40നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാർ എന്നിവരാണ് ബാക്കി രോ​ഗബാധിതർ. 

മുങ്കർ ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിക്കുകയും 6 പേർ രോ​ഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് മുങ്കാർ. സിവാൻ ജില്ലയിലാണ് ഏറ്റവുമധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്, 29 പേർ. ബുക്സാർ ജില്ലയിൽ നിന്നുള്ള രണ്ട് പുരുഷൻമാർക്കും കൊവിഡ് ബാധിച്ചതായി ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി. നാല് ജില്ലകളാണ് സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനം തയ്യാറെടുത്തു കഴിഞ്ഞു. പൊതുസ്ഥലത്ത് മുറുക്കി തുപ്പുന്നവര്‍ക്ക് ആറുമാസം തടവോ 200  രൂപ പിഴയോ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.