മഹാരാഷ്ട്ര; കൊവിഡ്  രോ​ഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിലും മുംബൈയിലും കാണാൻ സാധിക്കുന്നത്. വ്യാഴാഴ്ച 778 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6427 ആയതായി ആരോ​ഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 283. 522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം  ഇപ്പോൾ 4025ലെത്തി. 167 പേർ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി എന്ന് വിശേഷണമുള്ള മുംബൈയിലെ ധാരാവിയിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. എട്ടു ലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ ഇതുവരെ 214 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 13 പേർ മരിച്ചു. മുംബൈയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചേരികൾ കേന്ദ്രീകരിച്ച് കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതായും കേന്ദ്രം അറിയിച്ചു. ബിഎംസിയുടെ നേതൃത്വത്തിൽ 813 കണ്ടൈൻമെന്റ് ഏരിയകളായി മുംബൈയിലെ പല പ്രദേശങ്ങളെയും വിഭജിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ സാധിക്കില്ല. 

ഇവിടങ്ങളിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, സാമൂഹിക അകലം, ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ, ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ, ഷെൽട്ടർ ക്യാമ്പുകളിലെ തൊഴിലാളികളുടെ അവസ്ഥ, അവശ്യവസ്തുക്കളുടെ ലഭ്യത, എന്നീ വിഷയങ്ങളെക്കുറിച്ച് അധികൃതർ വിലയിരുത്തൽ നടത്തി. കഴിഞ്ഞ ഏഴുദിവസങ്ങളിലായിട്ടാണ് രോ​ഗികളുടെ എണ്ണത്തിൽ ഇരട്ടിയാകുന്ന അവസ്ഥ ഉണ്ടാകുന്നതെന്നും ആരോ​ഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അണുബാധയെ തുടർന്ന് മരിച്ച മുക്കാൽ ശതമാനം രോ​ഗികൾക്കും മറ്റ് അസുഖങ്ങളുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.