Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ ഗുരുതര വീഴ്ച, ചികിത്സയിലുള്ള കൊവിഡ് രോഗികളെ രോഗം മാറാതെ ഡിസ്ചാർജ് ചെയ്തു

പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായപ്പോൾ 26 പേരെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു. വിശദമായ പരിശോധനാഫലം വന്നപ്പോൾ ഇതിൽ നാല് പേർക്ക് കൊവിഡുണ്ട്. മൂന്ന് പേരെ പൊലീസ് കണ്ടെത്തി ഐസൊലേഷനിലാക്കി, ഒരു അതിഥിത്തൊഴിലാളിയെ കണ്ടെത്താനായില്ല.

covid 19 patients under treatment are discharged before being cured in tamil nadu big lapse from health authorities
Author
Chennai, First Published Apr 8, 2020, 10:33 PM IST

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്ചാ‍ർജ് ചെയ്ത് വിളുപുരം സർക്കാർ ആശുപത്രി. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26 രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. വിശദപരിശോധനാ ഫലം വന്നപ്പോൾ ഡിസ്ചാർജ് ചെയ്തതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലമാണ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. തമിഴ്നാട്ടിൽ സർക്കാർ ലാബുകൾക്കും സ്വകാര്യ ലാബുകൾക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതിയുണ്ട്. വിളുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് ഒരു സ്വകാര്യ ലാബിലേക്കാണ്. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇവരെയെല്ലാവരെയും ഇതോടെ രോഗമില്ലെന്ന് രേഖപ്പെടുത്തി സർക്കാർ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു.

എന്നാൽ രണ്ടാമത്തെ വിശദമായ പരിശോധനാ ഫലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്ന് വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നു. ഇതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തി. 

ഇതോടെ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നെട്ടോട്ടമായി. മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി തിരികെ ഐസൊലേഷൻ വാർഡിലാക്കി. പക്ഷേ നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയിൽ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

അൽപം ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് നിലവിൽ കാണാതായ അതിഥിത്തൊഴിലാളി. പോണ്ടിച്ചേരി സബ് ജയിലിൽ ചില മോഷണക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞിരുന്നയാളാണ് ഇയാൾ. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ. 

എന്നാൽ 26 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തപ്പോൾ സംഭവിച്ച ക്ളറിക്കൽ പിശക് മാത്രമാണിതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ രോഗം ഇല്ലെന്ന പൂർണസ്ഥിരീകരണമില്ലാതെ എങ്ങനെ ആളുകളെ പുറത്തുവിട്ടു എന്നതിൽ വ്യക്തമായ ഒരു വിശദീകരണം ആരോഗ്യവകുപ്പിനില്ല. അതിഥിത്തൊഴിലാളി ഒളിവിൽ പോയതാണെങ്കിൽ ഇയാൾ ആർക്കെല്ലാം രോഗം നൽകിയേക്കാമെന്നത് ആരോഗ്യവകുപ്പിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലമാണ്, അതിർത്തി വിട്ട് ഇയാൾ എങ്ങും പോകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്‍റെയും പൊലീസിന്‍റെയും കണക്ക് കൂട്ടൽ.

തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം കുത്തനെയാണ് ഉയരുന്നത്. രോഗികളുടെ എണ്ണം 700 കടന്നു. ഏറ്റവുമൊടുവിലുള്ള കണക്ക് പ്രകാരം തമിഴ്നാട്ടിൽ ആകെ 738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 42 പേർക്ക് നിസ്സാമുദ്ദീൻ ചടങ്ങുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ നിസ്സാമുദ്ദീനിൽ നിന്ന് എത്തിയ വിദേശികളാണ്. തമിഴ്നാട്ടിൽ ആകെയുള്ള 738 രോഗികളിൽ 679 പേരും നിസ്സാമുദ്ദീനുമായി ബന്ധമുള്ളവരാണ്. തമിഴ്നാട്ടിൽ ചെന്നൈയിലും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 

ഹോട്ട് സ്പോട്ടായി ചെന്നൈ, ആശങ്ക

ചെന്നൈയില്‍ രോഗം പടര്‍ന്നുപിടിച്ചതോടെ നഗരത്തിലെ 61 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടില്‍ മരണം എട്ടായി.

ചെന്നൈയിൽ പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്‍റെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവെന്നാണ് ആശങ്ക. റോയപുരമാണ് ഏറ്റവും കുടുതല്‍ രോഗം ബാധിച്ച നഗരത്തിലെ ഭാഗം. ഇരുപത്തി രണ്ടു തെരുവുകള്‍ ഉള്‍പ്പടെ 61 സ്ഥലങ്ങള്‍ പൂര്‍ണമായിട്ടും അടച്ചുപൂട്ടി കണ്ടൈന്‍മെന്റ് സോണായി മാറ്റി. ആളുകളുടെ സഞ്ചാരം പൂര്‍ണമായിട്ടും തടഞ്ഞു. അവശ്യസാധനങ്ങള്‍ കോര്‍പ്പറേഷന്‍ വീട്ടിലെത്തിച്ച് നല്‍കും. 

ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരായ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. ഇവര്‍ ചികിത്സിച്ച രോഗികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.

വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇഡ്ലി കച്ചവടം നടത്തിയിരുന്ന ആളാണ് ഇന്നലെ രാത്രി മരിച്ചത്. ഇയാള്‍ക്ക് എങ്ങനെ രോഗം പകര്‍ന്നുവെന്ന് വ്യക്തതയില്ല. ആശുപത്രിയില്‍ മറ്റു രോഗികള്‍ക്കൊപ്പമാണ് ഇയാളെ കടത്തിയിരുന്നതെന്നും പരാതി ഉയര്‍ന്നു. നിസ്സാമുദ്ദീനിൽ നിന്നെത്തിയ 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 961 ഫലങ്ങളും നെഗറ്റീവ് എന്നത് തമിഴകത്തിന് ആശ്വാസമായി. 

Follow Us:
Download App:
  • android
  • ios