ദില്ലി: കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുക. രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിച്ചേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കുമെന്നും സൂചനയുണ്ട്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച്, ഇളവുകള്‍ നല്‍കി അവശ്യമേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. വ്യോമയാന മേഖല കടുത്ത നിയന്ത്രണത്തോടെ പുനരാരംഭിച്ചേക്കും. ഒരു സീറ്റ് ഇടവിട്ടായിരിക്കും ക്രമീകരണം നടത്തുക. ലോക്ക്ഡൗണ്‍ പൂര്‍ണമായി മാറ്റാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

ലോക്ക്ഡൗണിന് ശേഷം വലിയ രീതിയില്‍ പെരുമാറ്റത്തിലും വ്യക്തിപരമായും മാറ്റമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതേസമയം, ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു.

മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒഡിഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടി. കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ്, അസം തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 6500ഉം മരണസംഖ്യ 200ഉം കടന്നു.