ദില്ലി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യോഗ അഭ്യസിക്കാൻ നിർദ്ദേശിച്ച്  3 ഡി ആനിമേഷൻ വീഡിയോകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലായ യോഗ വിത്ത് മോദിയിലെ വീഡിയോകളാണ് പങ്കുവച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീബാത്തിൽ ലോക്ഡൗൺ കാലത്ത് ശാരീരികക്ഷമത എങ്ങനെ നിലനിർത്തുന്നു എന്ന ഒരാളുടെ ചോദ്യം ഓർമിപ്പിച്ചാണ് വീഡിയോകൾ പങ്കുവച്ചിട്ടുള്ളത്. താനൊരു ആരോഗ്യ വിദഗ്ധനല്ല. യോഗ പരിശീലനം ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഓരോരുത്തർക്കും അവരുടേതായ ശീലങ്ങളുണ്ടാകുമെന്നും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. 

മലയാള, ഹിന്ദി, ഫ്രഞ്ച്, ജാപ്പനീസ്, ജർമൻ, ഇറ്റാലിയൻ ഉൾപ്പടെ ഇരുപത്തിനാല് ഭാഷകളിൽ യോഗ പരിശീലന വീഡിയോകൾ കാണാനാകും. സൂര്യനമസ്കാരം, ധ്യാനം, അർദ്ധ ചക്രാസനം, ഭദ്രാസനം തുടങ്ങിയ പതിനേഴ് പരിശീലന ദൃശ്യങ്ങളാണ് യോഗ വിത്ത് മോദി ചാനലിലുള്ളത്. കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തിലും പ്രധാനമന്ത്രി ഇതേ വീഡിയോകൾ പങ്കുവച്ചിരുന്നു.