ഗ്രാമീണ മേഖലകളിലെ ചികിത്സ സംവിധാനങ്ങൾ കൂട്ടണമെന്നും വാക്സിനേഷൻ നിരക്കും, ഓക്സിജൻ ലഭ്യതയും കൂട്ടണമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.

ദില്ലി: കൊവിഡ് വ്യാപനം കുറക്കാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ബാധിതരുടെ യഥാര്‍ത്ഥ കണക്ക് സംസ്ഥാനങ്ങള്‍ മറച്ച് വയ്ക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് രോഗവ്യാപനം കുറയുന്നുവെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം കേരളത്തിലെ മൂന്ന് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ചു. 

കൊവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രാദേശിക നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. നിയന്ത്രണങ്ങള്‍ ഈ മണിക്കൂറിന്‍റെ ആവശ്യമാണെന്ന് ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ പരിശോധന കൂട്ടാനും നിര്‍ദ്ദേശിച്ചു. ഗ്രാമീണ മേഖലകളിലെ ചികിത്സ സംവിധാനങ്ങൾ കൂട്ടണമെന്നും വാക്സിനേഷൻ നിരക്കും, ഓക്സിജൻ ലഭ്യതയും കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ചില സംസ്ഥാനങ്ങളില്‍ വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ വെന്‍റിലേറ്ററുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനും മോദി നിര്‍ദ്ദേശിച്ചു. അതേസമയം, പതിനെട്ട് ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന രോഗബാധ നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 3,26.098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, 3890 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയെത്തി. രോഗമുക്തി നിരക്ക് 83 ശതമാനമായി. രോഗ വ്യാപനം ഇപ്പോഴും തീവ്രമെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തിയ 316 ജില്ലകളില്‍ കൊല്ലവും പാലക്കാടും മലപ്പുറവും ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ വാക്സീന്‍ ക്ഷാമത്തിന് പരിഹാരമായി തുടങ്ങും. ജൂലൈയോടെ വാക്സിനേഷന്‍ സുഗമമാകും. ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇരുനൂര്‍ കോടി ഡോസ് വാക്സീന്‍ രാജ്യത്ത് ലഭ്യമാകും. ഒക്ടോബറോടെ ഫൈസര്‍ വാക്സീന്‍റെ മാത്രം അന്‍പത് ദശലക്ഷം ഡോസാകും കിട്ടുക. അങ്ങനെ ഡിസംബര്‍ അവസാനത്തോടെ 95 കോടി പേര്‍ക്ക് വാക്സീന്‍ നല്‍കാമെന്നാണ് കേന്ദ്രത്തിന്‍റെ പ്രതീക്ഷ. ഇതിനിടെ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡിഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന്‍റെ പതിനായിരം ഡോസ് അടുത്തയാഴ്ച പുറത്തിറക്കും. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കാം. ഓക്സിജന്‍ അളവ് താണ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളുടെ നില മെച്ചപ്പെടാന്‍ മരുന്ന് ഗുണകരമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona