ദില്ലി: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിര്‍ദ്ദേശിച്ച ലോക് ഡൗൺ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താൻ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ അനുസരിച്ച് സ്വയം രക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നാണ് അഭ്യര്‍ത്ഥന. 

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളെ എഴുപത്തഞ്ച് ജില്ലകളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചിരുന്നു. അവശ്യ സര്‍വ്വീസുകൾ മാത്രം നിലനിര്‍ത്തി പരമാവധി ആളുകളെ വീടുകളിൽ തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ പത്ത് ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്‍റെ ലോക് ഡൗൺ നിര്‍ദ്ദേശം നിലവിലുണ്ട്. 

കൊവിഡ് കേസുകൾ നാൾക്ക് നാൾ കൂടി വരുന്ന സാഹചര്യത്തിൽ നിലവിലുള്ള ജാഗ്രതയിൽ എന്തൊക്കെ അധികം വേണ്ടിവരുമെന്ന തീരുമാനിക്കാൻ ഇന്ന് സംസ്ഥാനത്ത് അടിയന്തര ഉന്നതതല യോഗംചേരുന്നുണ്ട്. ജനജീവിതത്തെ ബാധിക്കാത്ത വിധത്തിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മുന്നോട്ട് പോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിക്കുന്നത്. നിരോധനാ‍ജ്ഞ അടക്കം അനുയോജ്യമായ നടപടികളിലേക്ക് നീങ്ങാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക