ദില്ലി: രാജ്യം ശക്തമായി കൊവിഡ് ഭീഷണിയെ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്നും രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്നും നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. രാജ്യത്തെ വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികയാണെന്നും മോദി അവകാശപ്പെട്ടു. 

രാജ്യം നേരിടുന്ന വെല്ലുവിളി വ്യത്യസ്ഥമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യ കൊവിഡ് ഭീഷണിയുള്ള മറ്റുസ്ഥലങ്ങളുടെ പല ഇരട്ടിയാണെന്നും പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. തൊഴിലാളികലെയും പാവപ്പെട്ടവരെയും പ്രതിസന്ധി കൂടുതൽ ബാധിച്ചുവെന്നും ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന റെയിൽവേ ജീവനക്കാരെ നമിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണെന്നും തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തി രാജ്യം സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിനകത്ത് ആഗോള ബ്രാൻഡുകൾ വികസിപ്പിക്കുമെന്നും അവകാശപ്പെട്ടു.  യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കണമെന്നും നരേന്ദ്ര മോദി ഈ മൻകി ബാത്തിലും ആവർത്തിച്ചു. കൊവിഡ് പ്രതിരോധത്തിൽ ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യത്തിൽ വിദേശനേതാക്കളും താല്പര്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാൻ ഭാരതിൽ ഒരു കോടി കുടുംബങ്ങൾ പങ്കാളികളായെന്നും ഒരു കോടി പേർക്ക് പദ്ധതി വഴി സൗജന്യ ചികിത്സ ഉറപ്പാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിൽ 80 ശതമാനം പേർ ഗ്രാമങ്ങളിലുള്ളവരാണെന്നും സത്യസന്ധരായ നികുതിദായകർ ഇതിൽ പങ്കാളികളാണെന്നും മോദി കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളും ഒഡീഷയും നേരിട്ടത് വലിയ ദുരന്തമാണെന്നും രാജ്യം രണ്ടു സംസ്ഥാനങ്ങൾക്കൊപ്പം നില്ക്കുന്നുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. വെട്ടുകിളി ആക്രമണം പ്രതിരോധിക്കാൻ സാധ്യമായത് ചെയ്യുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.