ബംഗലൂരു: ബംഗലൂരുവില്‍ കൊവിഡ് 19 രോഗബാധിതന്‍റെ അമ്മയെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ചന്നാരോപിച്ചാണ് നടപടി. ബഗളൂരുവിലെ അസിസ്റ്റന്റ് പേർസണൽ ഓഫീസർക്കെതിരെയാണ് റെയില്‍വേ നടപടിയെടുത്തത്. കൊവിഡ് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജർമ്മനിയിൽ നിന്നെത്തിയ മകനെ ഇവർ റെയിൽവേ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 13 നാണ് ഇയാള്‍ സ്പെയിന്‍ വഴി ബംഗ്ലൂരുവില്‍ എത്തിയത്. ഇയാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മകന്‍ നടത്തിയ വിദേശയാത്രയുടെ കാര്യം മറിച്ചുവെച്ചാണ് ക്വാട്ടേഴ്സില്‍ താമസിപ്പിച്ചതെന്നാരോപിച്ചാണ് അമ്മയെ സസ്പെന്‍റ് ചെയ്തത്. ഉദ്യോഗസ്ഥ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ബംഗലൂരുവില്‍ നിന്ന് അകലെയാണ് വീടെന്നും യാത്ര ചെയ്ത് അവിടെ വരെ പോകുന്നത് കൊവിഡ് പടരാനിടയാക്കുമെന്നതിനാലാണ് ബംഗലുരുവില്‍ താമസിപ്പിച്ചതെന്നും സ്വയം നിരീക്ഷണമായതിനാല്‍ പുറത്തിറ ങ്ങുകയോ മറ്റാരുമായും ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥ നല്‍കുന്ന വിശദീകരണം. 

അതേ സമയം കര്‍ണാടകയില്‍ രോഗം ഭേദമായ രണ്ട് പേര്‍ ഇന്ന് ആശുപത്രി വിടും. കൊവിഡ് രാജസ്ഥാനിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.  ജയ്‌പ്പൂരിൽ ചികിത്സയിൽ ഇരുന്ന ഇറ്റാലിയൻ സ്വദേശിയായ 69 കാരനാണ് ഇന്ന് മരിച്ചത്. അതേ സമയം ഇന്ന് പഞ്ചാബില്‍ ഒരു രോഗിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.