നാഗപട്ടണം: കൊവിഡ് 19 രോഗം ഭേദമായ 50കാരന് സ്വീകരണവും പാര്‍ട്ടിയും ഒരുക്കിയതിന് 14 പേര്‍ക്കെതിരെ കേസ്. രോഗം ഭേദമായ ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം.
 
ദില്ലിയില്‍ നിന്നെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു. 

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ വിവരം അറിഞ്ഞു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസെടുത്തു.