ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. 24 മണിക്കൂറിനിടെ 46,963 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 470 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.      

24 മണിക്കൂറിനിടെ 58684 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവിൽ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്. 

കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒക്ടോബറിൽ മുപ്പത് ശതമാനം ഇടിവാണ് ഉണ്ടായത്. സെപ്തംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് ഈ ഇടിവ്. സെപ്തംബറിൽ 26.2 ലക്ഷം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ ഇത് 18.3 ലക്ഷം മാത്രം. 

സെപ്തംബറിൽ 33,255 പുതിയ മരണം റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ ഇത് 23,500 മാത്രം. പ്രതിദിന രോഗബാധയിലും ,മരണത്തിലും ഓഗസ്റ്റ് മാസത്തിലെ കണക്കുകളിൽ നിന്നും കുറവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.