ദില്ലി: സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്റെ കുടുംബം. അംബിക ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി ചികിത്സക്കായി വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സ നടത്തിയ സഫ്ദർദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങൾ കിട്ടിയില്ലെന്ന് കുടുംബം പറയുന്നു.  

ഇരുപത്തിനാലാം തീയതിയാണ് പത്തനംതിട്ട വി- കോട്ടയം സ്വദേശി അംബിക ദില്ലിയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയായ കൽറയിൽ ജോലി ചെയ്യുകയായിരുന്നു അംബിക. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു. 

അംബിക ജോലി ചെയ്തിരുന്ന കൽറ ആശുപത്രി ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകിയിരുന്നില്ലെന്നും, മാസ്കിന് ഉൾപ്പെടെ പണം ആവശ്യപ്പെട്ടുവെന്നും കുടുംബം പറയുന്നു. സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതുകൊണ്ടാണ് കൊവിഡ് ബാധയുണ്ടായതെന്നാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്ന് അംബികയുടെ മകൻ അഖിൽ അറിയിച്ചു.