Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിന് ശേഷം എന്ത്? കേരളത്തിലെ ഏഴ് ജില്ലകളിൽ കർശന നിയന്ത്രണം തുടരും

ലോക്ക് ഡൗണിന് ശേഷവും കേരളത്തിലെ ഏഴ് ജില്ലകളിൽ കർശനനിയന്ത്രണം തുടരും. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുമ്പോൾ. രോഗവ്യാപനത്തിന്‍റെ പാറ്റേൺ ഉരുത്തിരിയുകയാണ്. 62 ജില്ലകളിലാണ് ആകെയുള്ള കേസുകളുടെ 80 ശതമാനവും.

covid 19 restrictions across india to continue after lockdown 80 percent in 62 districts
Author
New Delhi, First Published Apr 6, 2020, 11:59 AM IST

ദില്ലി: രാജ്യത്ത് ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷവും രോഗവ്യാപനം നടന്ന ജില്ലകളിൽ കർശന നിയന്ത്രണം തുടരാൻ കേന്ദ്രസർക്കാർ. കേരളത്തിലെ ഏഴ് ജില്ലകളിലടക്കം ഏപ്രിൽ 14-ന് ശേഷവും യാത്രാവിലക്ക് അടക്കമുള്ള കർശന നിയന്ത്രണം തുടരുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ രോഗവ്യാപനത്തിന്‍റെ ഒരു പാറ്റേൺ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തെ 80 ശതമാനം കേസുകളും 62 ജില്ലകളിൽ നിന്നാണ്. അതിനാൽത്തന്നെ, ഈ ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഏർപ്പെടുത്താനാണ് തീരുമാനം.

രാജ്യത്ത് ഇതുവരെ 274 ജില്ലകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 62 ജില്ലകളിൽ നിന്നാണ് 80 ശതമാനം കേസുകൾ. 

ഏറ്റവുമൊടുവിൽ കേസുകൾ ഇരട്ടിച്ചതിന്‍റെ ഇടവേള 4.1 ദിവസങ്ങളാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ കണക്കുകൂട്ടൽ. ദില്ലിയിലെ തബ്‍ലീഗ് ഇ ജമാ അത്ത് പരിപാടി നടന്നില്ലായിരുന്നെങ്കിൽ ഈ ഇടവേള, 7.4 ആയി കൂടിയേനെ എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 

കണ്ടെയ്ൻമെന്‍റ് ഏരിയ 'ഭിൽവാര' മോഡലിൽ

നേരത്തേ രാജസ്ഥാനിലെ ഭിൽവാര എന്നയിടം കൊവിഡ് ഹോട്ട് സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. കേസുകൾ വ്യാപകമായി റിപ്പോ‍ർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഈ നഗരം പൂർണമായും അടച്ചിട്ടു. അങ്ങനെ കൃത്യമായി ഇവിടെ രോഗബാധ തടയാൻ കഴിഞ്ഞു എന്നാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ. സമാനമായ രീതിയിൽ 62 ജില്ലകളും പൂർണമായും അടച്ചിടാനാണ് കേന്ദ്രനീക്കം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും.

അതോടൊപ്പം, വായുവിലൂടെ ഈ രോഗം പടരുമെന്ന് അമേരിക്കയിലെ സിഡിസി അടക്കം വിലയിരുത്തുമ്പോൾ, അത്തരമൊരു നിഗമനം ശരിയല്ലെന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). ഇക്കാര്യത്തിൽ ഇതുവരെ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും, വായുവിലൂടെ രോഗം പകരുമെങ്കിൽ ഹോം ക്വാറന്‍റൈൻ അടക്കമുള്ള നടപടികൾ ഫലപ്രദമാകില്ലായിരുന്നുവെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. 

ഇന്ത്യ വേണ്ടത്ര ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന വിമർശനം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം രാജ്യത്ത് നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയായി. ഏപ്രിൽ 2-ന് പ്രതിദിനം 5800 ടെസ്റ്റുകളാണ് നടത്തിയതെങ്കിൽ ഏപ്രിൽ 4 ആകുമ്പോഴേക്ക് 10,034 ആക്കി. ഇതുവരെ രാജ്യത്ത് 89,534 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios