ഹൈദരാബാദ്: കേരളത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ തെലങ്കാനയിലേക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് പൗരന്മാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ സ്പ്രിംഗ്ലറിന്‍റെ സഹായം തേടിയിരിക്കുകയാണ് തെലങ്കാന. കൊവിഡ് ഡാറ്റാ ഇടപാടുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ വിവാദത്തിലാക്കിയ അതേ സ്പ്രിംഗ്ലര്‍ കമ്പനിയാണ് കൊവിഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിരീക്ഷിക്കാന്‍ തെലുങ്കാനയെ സഹായിക്കുന്നത്. 

കമ്പനി നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലൂടെ, തെലങ്കാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ട്വിറ്റര്‍, ഫേസ്ബുക്ക്, ബ്ലോഗുകള്‍ എന്നിവയിലൂടെ ജനങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെ നിരീക്ഷിക്കാം. സ്പ്രിംഗ്ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തെലങ്കാനയുടെ സെര്‍വറിലാണ് സൂക്ഷിക്കുക. രാജ്യം, സംസ്ഥാനം, നഗരം എന്നിങ്ങനെ വേര്‍തിരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. 

ഈ വിവരങ്ങളെ ക്രോഡീകരിച്ച് കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ വിവരങ്ങള്‍ സര്‍ക്കാരിന് ഉപയോഗിക്കാം. എവിടെയാണ് അടുത്ത ഹോട്ട്സ്പോട്ട് എന്ന് കണ്ടെത്താന്‍, ജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കാന്‍, അവര്‍ക്ക് ഈ രോഗത്തെക്കുറിച്ചുള്ള ധാരണ അപഗ്രഥിക്കാന്‍ ഊ സംവിധാനം സഹായിക്കും. 

ഉദാഹരണമായി മെയ് നാലിന് ഹൈദരാബാദില്‍'പനി'യെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ 1800 തവണ സംസാരമുണ്ടായി. ചുമ 753 തവണ ചര്‍ച്ചചെയ്യപ്പെട്ടുവെന്നും സ്പ്രിംഗ്ളറിന്‍റെ എഐ ടൂള്‍ നിര്‍മ്മിച്ച ഗ്രാഫില്‍ വ്യക്തമാക്കുന്നു. അതേസമയം വാട്സ്ആപ്പ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നില്ലെന്ന് തെലങ്കാന ഐടി, ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ വ്യക്തമാക്കി.