മുപ്പത്തിരണ്ടുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ബെംഗളൂരു: ബെംഗളൂരു കമ്മസാന്ദ്രയിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം കയ്യേറ്റത്തിലെത്തിയതോടെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മുപ്പത്തിരണ്ടുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത്.
ആനേക്കൽ താലൂക്കിലെ കമ്മസാന്ദ്രയിൽ ഇന്നലെ രാത്രി എട്ടരയോടെ മതിലിലേക്ക് കാർ ഇടിച്ചു കയറിയ സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. അപകടത്തിൽപ്പെട്ട കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇതോടെ അപകടമരണമായി കാണിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് കൊലക്കുറ്റം ചുമത്തി എഫ്ഐആര്‍ ഇട്ടു. കൊല്ലപ്പെട്ട വീരസാന്ദ്ര സ്വദേശിയും ബോഡി ബിൽഡറുമായ പ്രശാന്ത് എന്ന മുപ്പത്തിരണ്ടുകാരന്റെ അമ്മയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
ഇന്നലെ വൈകീട്ട് ഹെബ്ബഗോഡിയിൽ പ്രശാന്ത് ഒരു ക്രിക്കറ്റ് മാച്ചിൽ പങ്കെടുത്തിരുന്നു. ഈ കളിയിൽ പ്രശാന്തിന്റെ ടീം തോറ്റു. പിന്നാലെ ടീം അംഗവും സുഹൃത്തുമായ റോഷൻ ഹെഗ്ഡെ എന്ന ഇരുപത്തിയേഴുകാരനുമൊത്ത് പ്രശാന്ത് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് വഴിവച്ചത്. വാക്കേറ്റം രൂക്ഷമായതോടെ പ്രശാന്തും റോഷനും ബീർ ബോട്ടിലുകൾ ഉപയോഗിച്ച് ഏറ്റുമുട്ടിയിരുന്നു. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രോഷനെ പ്രശാന്ത് പിന്തുടർന്നു. കാറിന്റെ ജനലിൽ പ്രശാന്ത് തൂങ്ങിയതോടെയാണ് മരത്തിലേക്കും പിന്നാലെ മതിലിലേക്കും റോഷൻ കാർ ഇടിച്ചു കയറ്റിയത്. കാറിനും മരത്തിനും ഇടയിൽപ്പെട്ട പ്രശാന്ത് തത്ക്ഷണം മരിച്ചു. കാറോടിച്ച റോഷനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യ മെച്ചപ്പെടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.



