ദില്ലി: തബ്‌ലീഗ് ജമാഅത്ത്  നേതാവ് മൗലാനാ സഅദ് കാന്ധൽവി കൊവിഡ് 19 നെഗറ്റീവ്. ദില്ലി പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദേശ പ്രകാരമാണ് മൗലാനാ സഅദ് കാന്ധൽവിയെ കൊവിഡ് ടെസ്റ്റിന് വിധേയനായത്.  തിങ്കളാഴ്ച സഅദ് കാന്ധൽവി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് രണ്ടാം വാരത്തിൽ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മർകസിൽ വെച്ച് നടത്തിയ പ്രബോധന സമ്മേളനത്തിൽ സംബന്ധിച്ച പലരിലേക്കും കൊറോണാ വൈറസ് സംക്രമണമുണ്ടായിരുന്നു.  

1897 -ലെ എപ്പിഡമിക് ആക്റ്റ് പ്രകാരവും ഐപിസിയിലെ പ്രസക്തമായ ചില വകുപ്പുകൾ പ്രകാരവും സഅദ് കാന്ധൽവിക്കെതിരെ ദില്ലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിരുന്നു. സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ജനങ്ങളെ ഒന്നിച്ചു കൂട്ടിയതിനും, സാമൂഹിക അകലം പാലിക്കാതിരുന്നതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  

എപ്പിഡമിക് ആക്റ്റിന്റെ മൂന്നാം വകുപ്പ്, ഐപിസിയുടെ സെക്ഷൻ 269 (പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിലുള്ള അനാസ്ഥ), സെക്ഷൻ 270, സെക്ഷൻ 271 (ക്വാറന്റൈൻ ലംഘനം), 120B (ക്രിമിനൽ ഗൂഢാലോചന) എന്നിവയാണ് മൗലാനാ സഅദ് കാന്ധൽവിക്കുമേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ.നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്.