Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആശങ്ക അകലുന്നില്ല, 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് രോഗം

രാജ്യത്ത് കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്.

covid 19 updates in india june 23
Author
Delhi, First Published Jun 23, 2020, 9:48 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരിൽ വൻ വര്‍ധന. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് രോഗം ബാധിച്ചു.രാജ്യത്ത് ഇതുവരെ 440215 പേരാണ്  രോഗബാധിതരായത്. 312 പേരാണ് ഇന്നലെ മാത്രം രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു. 1,78,014 ആളുകൾ ചികിത്സയിലുണ്ട്. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകൾ 62,087 ആയി ഉയര്‍ന്നു. മരണം 794  ആയി. 27,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂർ,റാണിപേട്ട് ജില്ലകളും പൂർണ്ണമായി അടച്ചിടും. മഹാരാഷ്ട്രയിൽ പുതുതായി 3721 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം കടന്നു. ആകെ മരണം 6283 ആയി. 

കർണാടകയിൽ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും പരിശോധനാഫലം നെഗറ്റീവാണ്. മന്ത്രിയുടെ അച്ഛന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്  എല്ലാവര്‍ക്കും പരിശോധന നടത്തിയത്. 

ദില്ലി മണ്ഡോളി ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞവർക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരിൽ 17 പേരുടെയും ഫലം പൊസിറ്റീവാണ്. 12 പേർക്ക് രോഗമില്ലെന്ന് ദില്ലി ജയിൽ വകുപ്പ് അറിയിച്ചു. മരിച്ച ശേഷമാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇതോടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു. 

 

Follow Us:
Download App:
  • android
  • ios