ദില്ലി: രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ പ്രതിരോധനടപടികൾ കർശനമാക്കി. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാനായി സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ പത്തു ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിപ്പൂർ പതിനാല് ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്ഥാനത്ത് ലോക് ഡൗൺ നിലവിൽ വരിക. പശ്ചിമ ബംഗാളിൽ നാളെ സന്പൂർണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സന്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് സർക്കാ‍ർ തീരുമാനം. വ്യാഴം ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗൺ. 

രാജ്യത്ത് കൊവിഡ് രോഗികളിൽ വലിയ വർധനയാണുണ്ടാകുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതർ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു.

തലസ്ഥാനമായ ദില്ലിയിൽ 24 മണിക്കൂറിന് ഇടയിൽ 1227 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 29 പേർ മരിച്ചു. 1,26,323 രോഗികളാണ് ദില്ലി ആകെയുള്ളത്. ഇതിൽ നിലവിൽ 14,954 രോഗികൾ ചികിത്സയിൽ ഉണ്ട്.  3719 പേരാണ് ദില്ലിയിൽ ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 

അതേ സമയം കർണാടകത്തിൽ കൊവിഡ് മരണം 1500 കടന്നു. ഇന്ന് 55 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1519 ആയി ഉയർന്നു.കർണാടകത്തിൽ ഇന്ന് 4764 പേർക്ക് കൊവിഡ് ബാധിച്ചു. ബംഗളുരുവിൽ മാത്രം 2050 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ബംഗളുരുവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷം കടന്ന് 27,969 ആയി. ആകെ 75833 രോഗികളാണ് സംസ്ഥാനത്തുളളത്. ഇതിൽ  47069 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ 10,576 പുതിയ രോഗികളാണ് 24 മണിക്കൂറിനിടെയുണ്ടായത്. 3,37,607 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായി. 280 പേർ കൂടി മരിച്ചതോടെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 12,556 ആയി. മുംബൈയിൽ മാത്രം 1310 പേരാണ് ഇന്ന് രോഗബാധിതരായത്. 58 പേർ മരിച്ചു.