ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു തന്നെ. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ പ്രതിദിന വർദ്ധനവ് 75,000 മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗം ബാധിച്ചവർ 76,472 ആയി ഉയര്‍ന്നു. ആകെ രോഗ ബാധിതർ 34 ലക്ഷം കടന്നു. 34,63,972 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 7,52,424 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 26,48,998 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 

76. 47% മാണ് രാജ്യത്ത് രോഗ മുക്തി നിരക്കെങ്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണമുയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 1021 പേര് രാജ്യത്ത് കൊവിഡിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ 62, 550 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്തേറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 14,361 പേരാണ് രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്ന ആന്ധ്രയില്‍, ഇന്നലെ 10,526 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകത്തിൽ 8,960 പേർക്കും തമിഴ്നാട്ടിൽ 5,996 പേർക്കും ഉത്തര്‍പ്രദേശിൽ 5,447 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.