Asianet News MalayalamAsianet News Malayalam

Vaccine for Children : മോദിയുടെ തീരുമാനത്തിൽ നിരാശ; അശാസ്ത്രീയമെന്ന് എയിംസിലെ വിദ​ഗ്ധൻ

രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ അശാസ്ത്രീയ തീരുമാനത്തില്‍ പൂര്‍ണ്ണമായും നിരാശനാണെന്നും ഡോ. സഞ്ജയ്

covid 19 vaccination for children unscientific says AIIMS epidemiologist
Author
Delhi, First Published Dec 26, 2021, 10:19 PM IST

ദില്ലി: കുട്ടികൾക്ക് കൊവിഡ‍് വാക്സീൻ നൽകാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയർ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയിംസിലെ സാംക്രമികരോഗ വിദ​ഗ്ധന്റെ പ്രതികരണം. ഇത് കൊണ്ട് അധികമായി ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഡോ. സഞ്ജയ് കെ റായ് പറഞ്ഞു. മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കൊവാക്സിൻ പരീക്ഷണങ്ങളുടെ എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റി​ഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. സഞ്ജയ്.

ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കും മുമ്പ് കുട്ടികൾക്ക് ഇതിനകം വാക്സീൻ നൽകിയ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ പഠിക്കുമ്പോൾ ബൂസ്റ്റർ വാക്സീൻ എടുക്കുന്നവരിൽ പോലും കൊവി‍‍ഡ് ബാധിക്കുന്നുണ്ട് എന്നാണ് കാണുന്നത്. കുട്ടികളുടെ കാര്യത്തിലേക്ക് വരുമ്പോൾ അണുബാധയുടെ തീവ്രത വളരെ കുറവാണ്. ഒരു ദശലക്ഷം ജനസംഖ്യയിൽ രണ്ട് മരണങ്ങൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ അവസ്ഥയിൽ ഈ തീരുമാനം കൊണ്ട് ​ഗുണങ്ങളേക്കാൾ റിസ്ക്കുകളാണ് കൂടുതലുള്ളതെന്നും ഡോ. സഞ്ജയ് കെ റായ് കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ അശാസ്ത്രീയ തീരുമാനത്തില്‍ പൂര്‍ണ്ണമായും നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശാസ്ത്രീയ ഉപദേശം ലഭിച്ചത് അനുസരിച്ചാണ് തന്റെ തീരുമാനങ്ങളെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക്  ഡോക്റ്റർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകും. ഭാരത് ബയോട്ടെക്കിന്‍റെ കൊവാക്സിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്‍റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ വാക്സീൻ കുത്തിവെക്കാനാണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്. ഒക്ടോബറിൽ ഡിസിജിഐ വിദഗ്ധ സമിതി കൊവാക്സിന് അനുമതി നൽകാനായി ശുപാർശ നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios