വാക്സീൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്നാണ് വെള്ളിയാഴ്ചയും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചത്.

ദില്ലി: കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്തതായാണ് വിവരം. ഒമിക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ നാളെ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. 

വാക്സീൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്നാണ് വെള്ളിയാഴ്ചയും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചത്. ലോക്സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്നാണ് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയത്. 

ഒമിക്രോൺ വകഭേദം രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കിയിരുന്നു. വാക്സിനേഷന് അര്‍ഹരായ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ നല്‍കിയതും, നിര്‍മ്മാണ കമ്പനികള്‍ വാക്സീന്‍ ഉത്പാദനം കൂട്ടിയതും അനുകൂലാന്തരീക്ഷമായി സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അധിക ഡോസ് നല്‍കുന്നതില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രണ്ട് ഡോസ് വാക്സീന്‍ എടുത്ത രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവര്‍ക്കും മൂന്നാമത് ഒരു ഡോസ് കൂടി നല്‍കി പ്രതിരോധം നിലനിര്‍ത്തുക. ആരോഗ്യമുള്ളവരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. 

കൊവിൻ പോർട്ടലിലെ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ 1,31,94,44,624 ഡോസ് വാക്സീനാണ് കുത്തിവച്ചത്. 81,33,08,664 പേർ ഒരു ഡോസ് വാക്സീൻ എടുത്തു. 50,61,35,960 പേരാണ് രണ്ടാം ഡോസ് എടുത്തവർ. 


സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞു

ഇതിനിടെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സീനും 70.37 ശതമാനം പേര്‍ക്ക് (1,87,96,209) രണ്ടാം ഡോസ് വാക്‌സീനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,46,69,056 ഡോസ് വാക്‌സീനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 86.52 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്‌സിനേഷനും കൂടിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ കുത്തിവയ്പ്പ് എടുത്ത് 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞുമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.