Asianet News Malayalam

കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയേക്കും, പ്രധാനമന്ത്രി വിളിച്ച യോഗം അവസാനിച്ചു

കണ്ടെയ്ൻമെന്‍റ് സോണുകളിലല്ലാതെ ദില്ലിയിൽ കടകളുടെയും ഫാക്ടറികളുടെയും മറ്റും പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നാണ് കെജ്‍രിവാൾ ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

covid 19 various states express their demands in cm meeting called by prime minister modi
Author
New Delhi, First Published May 11, 2020, 9:30 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ദില്ലിയിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂറാണ് നീണ്ടത്.

വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും. ഇത്തരത്തിൽ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങിയത്. യോഗത്തിന് സമയക്രമം നിശ്ചയിക്കണ്ട എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചിരിക്കുന്ന നിർദേശം. എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും ലോക്ക്ഡൗൺ തുടരുന്നതിലെ തീരുമാനം കേന്ദ്രസർക്കാർ സ്വീകരിക്കുക. അതിനാൽ എല്ലാ മുഖ്യമന്ത്രിമാരും ഇന്ന് സംസാരിച്ചു. 

തത്സമയസംപ്രേഷണം:

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർ‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. 

ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. വൈറസിനെ ട്രാക്ക് ചെയ്യാൻ ആരോഗ്യസേതു വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരോടും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുടിയേറ്റത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് യോഗത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, കൊവിഡ് ഗ്രാമങ്ങളിലേക്ക് പടരാൻ അനുവദിക്കരുതെന്ന് പറഞ്ഞു. ലോക്ക്ഡൗണിൽ ചില മാറ്റങ്ങൾ വേണ്ടി വരുമെന്ന് സൂചന നൽകുന്നതിലൂടെ ഇളവുകളുണ്ടാകുമെന്ന സൂചന തന്നെയാണ് അദ്ദേഹം നൽകിയത്.

ആഞ്ഞടിച്ച് മമത

യോഗത്തിന്‍റെ ആദ്യഘട്ടത്തിൽ സംസാരിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കൊവിഡിനെച്ചൊല്ലി കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് മമത വിമർശിച്ചു. പല സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മമതയുടെ ആരോപണം.

''കേന്ദ്രസർക്കാർ ഒരു തിരക്കഥ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നാടകം കളിക്കാനുള്ള സമയമല്ല ഇത്. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കളിക്കരുത്. ഞങ്ങളുടെ അഭിപ്രായം ആരും ചോദിക്കുന്നത് പോലുമില്ല. ഫെഡറൽ സംവിധാനം അട്ടിമറിക്കരുത്'', എന്ന് മമത ആഞ്ഞടിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കേണ്ടതിനെക്കുറിച്ചും, അതിഥിത്തൊഴിലാളികൾക്കുള്ള സാമ്പത്തിക പാക്കേജിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് മമതയുടെ വിമർശനം. പരിശോധനാഫലം കൃത്യമായി പശ്ചിമബംഗാൾ പുറത്തുവിടുന്നില്ല എന്നും, ശ്രമിക് ട്രെയിനുകൾ കടത്തി വിടേണ്ടതില്ലെന്നുമുള്ള ബംഗാളിന്‍റെ നിലപാടിനെതിരെയും ഉള്ള കേന്ദ്ര ആരോപണം മുൻനിർത്തിയാണ് മമതാ ബാനർജിയുടെ രൂക്ഷവിമർശനം. പശ്ചിമബംഗാളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം വരുന്ന വിവരം തനിക്ക് അറിയാമായിരുന്നില്ലെന്നും, ഇത് നേരത്തേ അറിയിക്കേണ്ടതായിരുന്നുവെന്നും മമത പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആഞ്ഞടിച്ചിരുന്നു. 

നിയന്ത്രണങ്ങൾ നീക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ

സംസ്ഥാനത്തെ 95% കേസുകളും ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് പറഞ്ഞ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, നാട്ടിലേക്ക് പോയ കുടിയേറ്റത്തൊഴിലാളികളെ തിരികെ വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വേണമെന്നായിരുന്നു ജഗൻമോഹൻ റെഡ്ഡിയുടെ ആവശ്യം. 

അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം വൈറസ് ബാധ തടയാൻ ഒരു ടീമായി പ്രവർത്തിക്കുന്നു എന്നാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞത്. 

തീവണ്ടി സർവീസുകൾ തമിഴ്നാട്ടിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, സംസ്ഥാനത്തിന് 2000 കോടി രൂപയുടെ സാമ്പത്തികപാക്കേജ് ആവശ്യപ്പെട്ടു. ദുരിതാശ്വാസപാക്കേജ് തുടങ്ങാൻ പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരികെ എത്തിയ കുടിയേറ്റത്തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്തതായി വ്യക്തമാക്കി. 

രാജ്യത്ത് മരണനിരക്കും രോഗവ്യാപനവും കുത്തനെ കൂടുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ‍അന്തർസംസ്ഥാന ചരക്ക് ഗതാഗതം തടസ്സമില്ലാതെ പോകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും ലോക്ക്ഡൗൺ പിൻവലിക്കാമെന്ന് അഭിപ്രായപ്പെട്ടു. 

പരീക്ഷകളും എൻട്രൻസ് ടെസ്റ്റുകളും അനുവദിക്കണമെന്നായിരുന്നു ഹരിയാനയുടെ ആവശ്യം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നുറപ്പാക്കി ബസ്സുകളും ടാക്സികളും അനുവദിക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടു. 

Read more at: 'ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ കഴിയണം', മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളം

ലോക്ക്ഡൗൺ തുടരണമെന്ന് സംസ്ഥാനങ്ങൾ

തീവണ്ടിസർവീസുകൾ തുടങ്ങിയതിനെതിരെ ശക്തമായ വിയോജിപ്പാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഉയർത്തിയത്. കൃത്യമായ പദ്ധതിയില്ലാതെ തീവണ്ടി സർവീസുകൾ അനുവദിക്കരുതെന്ന് ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി സോണുകൾ വിഭജിക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു കാരണവശാലും ലോക്ക്ഡൗൺ പിൻവലിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പൊലീസ് സേനയ്ക്ക് വിശ്രമം അനുവദിക്കാൻ കേന്ദ്രപൊലീസ് സേനയെ വിവിധ സംസ്ഥാനങ്ങളിലായി നിയോഗിക്കണമെന്നും അന്തർസംസ്ഥാനയാത്രകൾ കർശനമായി നിയന്ത്രിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രണ്ടാഴ്ച കൂടി, അതായത് മെയ് 31- വരെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് ബിജെപി ഭരിക്കുന്ന അസം ആവശ്യപ്പെട്ടത്. അന്തർസംസ്ഥാനയാത്ര പാടില്ലെന്നും സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രകൾ മെയ് അവസാനം വരെ അനുവദിക്കരുതെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ആവശ്യം. യാത്രാ നിയന്ത്രണം തുടരണമെന്ന് മേഘാലയയും ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios