ദില്ലി: നിലവിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലയളവ് മെയ് 3-ന് ശേഷം നീട്ടുന്ന കാര്യം കേന്ദ്രസർക്കാർ നിലവിൽ ചർച്ച ചെയ്തിട്ടില്ലെങ്കിലും, തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ മേയ് പതിനഞ്ച് വരെ തുടർന്നേക്കും. രോഗവ്യാപനം തടഞ്ഞുനിർത്താനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ്
അനുവദിക്കുന്ന കാര്യം പരിഗണനയിലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

നാൽപ്പത് ദിവസത്തെ ദേശീയ ലോക്ക്ഡൗൺ മേയ് മൂന്നിന് പൂർത്തിയാകും. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത്രയും കാലം രാജ്യം അടഞ്ഞുകിടന്നത് ഇതാദ്യം. ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഇതാണ് സ്ഥിതി. ലോക്ക്ഡൗൺ നീട്ടുന്നതിൽ തല്ക്കാലം കേന്ദ്രതലത്തിൽ ചർച്ചയില്ലെന്നാണ് സൂചന. എന്നാൽ രോഗബാധ കൂടുതൽ കാണുന്ന ദില്ലി, മുംബൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മേയ് പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.  

എന്നാൽ തീവണ്ടി, വിമാനസർവീസുകൾ മെയ് 3-ന് രാജ്യത്ത് വീണ്ടും തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീവണ്ടികളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ
ഒന്നിനു ശേഷമേ ആലോചിക്കൂ. ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിൽ ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്കുകൾ നിർബന്ധമാക്കും. മാസ്കുകൾ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റും. 

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തല്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന. ലോക്ക്ഡൗൺ ഇളവ് വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ നടക്കുന്നു എന്ന വിലയിരുത്തലും മന്ത്രിമാരുടെ സമിതി നടത്തും. പശ്ചിമബംഗാളിലേക്ക് നിരീക്ഷണത്തിന് അയച്ച സമിതി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിവരം അറിഞ്ഞതെന്ന പരാതി സംസ്ഥാനമുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗം ഒരിക്കൽ കൂടി വിളിച്ചു ചേർത്ത് അടുത്തയാഴ്ച പ്രധാനമന്ത്രി സ്ഥിതി ചർച്ച ചെയ്തേക്കും.

ഇന്ന് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞിരുന്നു. മരണസംഖ്യ 580 ആയി. മെയ് 3- വരെ ഒരു മേഖലയിലും ഒരു ഇളവും അനുവദിക്കേണ്ടതില്ലെന്ന് തമിഴ്നാടും കർണാടകയും തെലങ്കാനയും പഞ്ചാബും ദില്ലിയും പ്രഖ്യാപിച്ചിരുന്നു.