ചെന്നൈ: മുമ്പൊരിക്കലും താന്‍ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്ന് പറയുമ്പോഴും തേങ്ങുകയാണ് ചെന്നൈ സ്വദേശിയായ കൊല്ലമ്മാള്‍. ചെന്നൈയില്‍ നിന്ന് ദുബായിയിലേക്ക് പറക്കുമ്പോള്‍ 29കാരിയായ കൊല്ലമ്മാള്‍ക്കൊപ്പം ഭര്‍ത്താവ് എല്‍എം കുമാറും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുബായ് വിട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കൊപ്പം ആദ്യ വിമാനത്തില്‍ ചെന്നൈയില്‍ വന്നിറങ്ങുമ്പോള്‍ കൊല്ലമ്മാള്‍ ഒറ്റയ്ക്കാണ്. 

ഏപ്രില്‍ 13ന് ഹൃദയാഘാതം മൂലം കുമാര്‍ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരുപാട് ശ്രമം നടത്തിയെങ്കിലും ലോക്ക്ഡൗണ്‍ കാരണം ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. റാസല്‍ഖൈമയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചു. അന്നുമുതല്‍ ഒന്ന് ഉറങ്ങാന്‍ പോലുമാകാതെ കഴിഞ്ഞ കൊല്ലമ്മാള്‍ തന്‍റെ പ്രിയതമന്‍റെ മൃതദേഹവുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 540 ചെന്നൈ വിമാനത്തില്‍ എത്തിയത്. 

ആദ്യത്തെ വിമാനത്തില്‍ തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നാണ് കരയുമ്പോഴും അവര്‍ പറഞ്ഞത്. ചെന്നൈയിലെത്തിയ രണ്ട് വിമാനങ്ങളിലായി തൊഴിലാളികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉള്‍പ്പെടെ 360 പേരാണ് ഉണ്ടായിരുന്നത്.