ബം​ഗളൂരു: രാജ്യസഭാം​ഗം കൊവിഡ് ബാധിച്ച് മരിച്ചു. കർണാടക റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ജൂലൈ 22നാണ് അശോക് ​ഗസ്തി രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ​ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 

2012ൽ കർണാടക പിന്നാക്ക വിഭാ​ഗ ക്ഷേമ കമ്മീഷൻ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എബിവിപിയിലൂടെ സംഘടനാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യുവമോർച്ച സംസ്ഥാന അധ്യക്ഷനായും പ്രവർ‍ത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ എംപിയാണ് അശോക് ​ഗസ്തി.