അപകടം നടന്ന ടിഐഎൽ ഹെൽത്ത്‌കെയറിന്‍റെ ഫാക്ടറിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡ് വ്യക്തമാക്കി. ശ്രീ സിറ്റിയിൽ ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡിന് ഫാക്ടറിയോ നിർമ്മാണ യൂണിറ്റോ ഇല്ലെന്ന് കമ്പനി കൂട്ടിച്ചേർത്തു.

തിരുപ്പതി: ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ സ്ഫോടനമുണ്ടായ മരുന്ന് നിർമാണ ശാലയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡ് വ്യക്തമാക്കി. ടിഐഎൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്. ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡും ടിഐഎൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാണെന്നും അവയ്ക്ക് പൊതുവായ ഉടമസ്ഥതയോ മാനേജ്‌മെന്റോ ഇല്ലെന്നും കമ്പനി അറിയിച്ചു. ശ്രീ സിറ്റിയിൽ ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡിന് ഫാക്ടറിയോ നിർമ്മാണ യൂണിറ്റോ ഇല്ല. പേരിലെ സാമ്യത കാരണമുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് വിശദീകരണമെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു.

മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ മൂന്നിനാണ് സംഭവം നടന്നത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8 മണിക്ക് അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ മുപ്പതിലേറെ ജീവനക്കാർ ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക മൂടി.

അപകട വിവരം അറിഞ്ഞയുടൻ ശ്രീ സിറ്റി പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്‌‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്താൻ പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.