ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1074 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തു. ഗുജറാത്തിൽ രോഗികൾ നാലായിരം കവിഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഈ സംസ്ഥാനങ്ങളിലാണ്. 8325 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. പ്രധാനമന്ത്രി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യതയെന്നും വിവരമുണ്ട്.

ദില്ലി മയൂർ വിഹാറിലെ സിആർപിഎഫ് ക്യാംപിൽ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് വന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. മലയാളികളടക്കം 47 ജവാന്മാർക്കാണ് ഇവിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് രോഗത്തെ നേരിടുന്നതിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം. അതേസമയം ഇന്ത്യയിൽ കൊവിഡ് പരിശോധനകൾ കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.