രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് (covid)ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി(below 1000). 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ.
കേരളത്തിൽ ഇന്നലെ 256 പുതിയ രോഗികൾ; 7 ജില്ലകളിൽ 10 ൽ താഴെ രോഗികൾ, കൊവിഡ് മരണമില്ലാത്ത ദിനം
തിരുവനന്തപുരം:ഇന്നലെ കേരളത്തില്‍ 256 പേര്‍ക്ക് കൊവിഡ്-19 (Covid) സ്ഥിരീകരിച്ചു .എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,130 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 378 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 78, കൊല്ലം 27, പത്തനംതിട്ട 7, ആലപ്പുഴ 14, കോട്ടയം 49, ഇടുക്കി 9, എറണാകുളം 84, തൃശൂര്‍ 49, പാലക്കാട് 3, മലപ്പുറം 3, കോഴിക്കോട് 28, വയനാട് 15, കണ്ണൂര്‍ 8, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2502 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
തമിഴ്നാട്ടിലും കൊവിഡ് നിയന്ത്രണങ്ങൾ നീക്കി; ഇനി പൊതുസ്ഥലത്ത് വാക്സീൻ സർട്ടിഫിക്കറ്റും വേണ്ട
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷം പേർക്കും വാക്സീൻ നൽകുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 18 വയസിന് മുകളിലുള്ള 92% പേർ ഇതിനകം ഒന്നാം ഡോസും 72% പേർ രണ്ടാം ഡോസും സ്വീകരിച്ചു. 23 കൊവിഡ് കേസുകൾ മാത്രമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോൾ മാസ്കും നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിർദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി.
കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
