ദില്ലി: കൊവിഡ് കേസുകള്‍  ഉയരുന്ന ദില്ലിയില്‍ സ്ഥിതി നിയന്ത്രിക്കാന്‍ വീണ്ടും കേന്ദ്ര ഇടപെടല്‍. തീവ്രരോഗ വ്യാപനമേഖലകളില്‍ ആര്‍ടിപിസിആര്‍ പരിശോധനകൾ കൂട്ടാന്‍ ആരോഗ്യ ആഭ്യന്തരമന്ത്രാലയങ്ങളുടെ സംയുക്ത യോഗം നിര്‍ദ്ദേശിച്ചു. ഉത്സവ കാലത്തിന്  പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത കൂടി കണ്ടാണ് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍.

ജൂണില്‍ അയ്യായിരത്തിനടുത്ത് വരെയെത്തിയ കൊവിഡ് രോഗികളുടെ എണ്ണം പിന്നീട് കുത്തനെ കുറഞ്ഞ് 500 വരെ എത്തിയിരുന്നു. പ്രതിദിന രോഗബാധ ഈ മാസം അവസാനത്തോടെ  പന്ത്രണ്ടായിരം കടന്നേക്കുമെന്നാണ് ദില്ലി സർക്കാരിന്‍റെ  വിലയിരുത്തൽ.  കഴിഞ്ഞ ഒരാഴ്ച്ചയായി അയ്യായിരത്തിന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. ശൈത്യവും ,അന്തരീക്ഷ മലിനീകരണവും  ഉത്സവ കാലവും വീണ്ടും രോഗികളുടെ എണ്ണം കൂട്ടാനുള്ള സാധ്യതയാണ് യോഗത്തിൽ ചർച്ചയായത്. 

ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ നിലവിൽ തൃപ്തികരമാണ്. എന്നാൽ വേഗത്തിൽ രോഗികളുടെ എണ്ണം കൂടിയാൽ കിടക്കൾ തികയാതെ വരും. അതിനാൽ കിടക്കൾ കൂട്ടണം. തീവ്രപരിചരണ വിഭാഗത്തിലും സൗകര്യങ്ങൾ വ‍ർധിപ്പിക്കും. രോഗികൾ കൂടുതലുള്ള മേഖലകളിൽ പരിശോധനകൾ കൂട്ടണം, വീടുകളിൽ നീരിക്ഷണം ശക്തമാക്കാനും തീരുമാനം എടുത്തു. 

തീവ്രവ്യാപന മേഖലകള്‍ കൂടാതെ ആളുകള്‍ അധികമെത്തുന്ന ചന്തകള്‍, സലൂണുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.  ആഭ്യന്തര  സെക്രട്ടറി അജയകുമാർ ബല്ല വിളിച്ച യോഗത്തിൽ ദില്ലി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദില്ലി സര്‍ക്കാരിന്‍റെ പ്രതിരോധ നടപടികള്‍ പാളിയതോടെയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം ഇടപെട്ടത്. പിന്നീടങ്ങോട്ട് സ്ഥിതിഗതികള്‍ കേന്ദ്രം കൂടി വിലയിരുത്തി വരികയായിരുന്നു.