ദില്ലി: ദിനംപ്രതിയുള്ള കൊവിഡ് മരണങ്ങളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2003 പേർ മരിച്ചതായി ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കിൽ പറയുന്നു. ഇതാദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇങ്ങനെയൊരു കുതിച്ചു കയറ്റമുണ്ടാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ലോകത്തേറ്റവും കൂടുതൽ കാെവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇന്ത്യ മാറി. 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 11,974 പേര്‍ രോഗ ബാധിതരായി എന്നാണ് പുതിയ കണക്ക്.  ആകെ കൊവിഡ്  മരണങ്ങൾ 11,903 ആയി ഉയർന്നു. മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. 

മഹാരാഷ്ട്ര 1328  പേരുടെ മരണവും ദില്ലി 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 1,55,237 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 1,86,935 പേർ ഇതുവരെ രോഗമുക്തി നേടി. രോഗികളുടെ എണ്ണം കൂടുമ്പോൾ തന്നെ രോഗമുക്തി നിരക്കില്‍ നേരിയ വര്‍ധനയുള്ളത് ആശ്വാസം നല്‍കുന്നു.  52.79 ശതമാനമാണ് ഇന്നത്തെ രോഗ മുക്തി നിരക്ക്.